ഋഷി സുനകോ, ലിസ് ട്രസോ? ബ്രിട്ടീഷ് പ്രധാനമന്ത്രി ആരെന്ന് ഇന്നറിയാം

ലണ്ടന്‍: ഇന്ത്യൻ വംശജനായ ഋഷി സുനകോ വിദേശകാര്യമന്ത്രി ലിസ് ട്രസോ? ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രി ആരായിരിക്കുമെന്ന് ഇന്ന് അറിയാം. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ ഹൗസ് കമ്മിറ്റി ചെയർമാൻ ഗ്രഹാം ബ്രാഡി തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ന് (ഇന്ത്യൻ സമയം വൈകിട്ട് 4.30) വിജയിയെ പ്രഖ്യാപിക്കും.

ലിസ് ട്രസ്സിനാണ് വിജയസാധ്യത കൂടുതൽ. ഓഗസ്റ്റ് ആദ്യം ആരംഭിച്ച പാർട്ടിയുടെ 1.8 ലക്ഷം രജിസ്റ്റർ ചെയ്ത അംഗങ്ങളുടെ വോട്ടിംഗ് വെള്ളിയാഴ്ച അവസാനിച്ചു. സുനക് തിരഞ്ഞെടുക്കപ്പെട്ടാൽ ബ്രിട്ടീഷ്-ഏഷ്യൻ വംശജനായ ആദ്യത്തെ പ്രധാനമന്ത്രിയാകും അദ്ദേഹം. ലിസ് തിരഞ്ഞെടുക്കപ്പെട്ടാൽ ബ്രിട്ടന് മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയെ ലഭിക്കും.

രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ പിൻഗാമിയെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടങ്ങളിൽ മുൻ ധനമന്ത്രി ഋഷി സുനകിന് കൺസർവേറ്റീവ് പാർട്ടി എംപിമാരുടെ പിന്തുണ ലഭിച്ചിരുന്നു. എന്നാൽ പിന്നീട് അത് കുറഞ്ഞു. ആദ്യഘട്ട വോട്ടെടുപ്പിൽ 358 എംപിമാരിൽ 88 വോട്ടുകൾ നേടി ഋഷി ഒന്നാമതെത്തിയിരുന്നു. അഞ്ചാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോൾ ഋഷി സുനകിന് 137 വോട്ടുകളും ട്രോസിന് 113 വോട്ടുകളുമാണ് ലഭിച്ചത്.