വെസ്റ്റിൻഡീസിനെതിരെ രോഹിത് ശർമ കളിച്ചേക്കുമെന്ന് റിപ്പോർട്ട്

ബാസ്റ്റെയർ: വെസ്റ്റിൻഡീസിനെതിരായ അടുത്ത രണ്ട് മത്സരങ്ങളിൽ രോഹിത് ശർമ കളിച്ചേക്കുമെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ് ക്രീസിൽ നിന്ന് ഇറങ്ങിയ രോഹിത് അടുത്ത മത്സരത്തിൽ കളിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. രോഹിത് ശർമയ്ക്ക് കടുത്ത നടുവേദനയുണ്ടെന്നും ആരോഗ്യ വിദഗ്ധർ പരിശോധിച്ചുവരികയാണെന്നുമായിരുന്നു റിപ്പോർട്ട്. ശനി, ഞായർ ദിവസങ്ങളിൽ അമേരിക്കയിലെ ഫ്ലോറിഡയിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരങ്ങളിൽ രോഹിത് പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഏഷ്യാ കപ്പും ടി20 ലോകകപ്പും നടക്കാനിരിക്കെ രോഹിത് ശർമ്മയുടെ ഫിറ്റ്നസ് ആശങ്കാജനകമാണ്. രോഹിത് ശർമയ്ക്ക് ഇന്നിംഗ്സ് ഓപ്പണ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പകരക്കാരനായി ഇഷാൻ കിഷനെ ഇറക്കണം. എന്നാൽ ടീമിനെ ആരു നയിക്കും എന്നതായിരുന്നു പ്രധാന ചോദ്യം. റിഷഭ് പന്തും ഹാർദിക് പാണ്ഡ്യയും അടുത്തിടെ ടീമിനെ നയിച്ചിരുന്നു. നടുവേദന ശമിച്ച് രോഹിത് ശർമ്മ വീണ്ടും കളിക്കളത്തിൽ എത്തുമെന്ന ആശ്വാസത്തിലാണ് ആരാധകർ.

പരിക്കിനെ അതിജീവിക്കാൻ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് രോഹിത് ശർമ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. “ഇപ്പോൾ പ്രശ്നമൊന്നുമില്ല. അടുത്ത കളിക്ക് കുറച്ചു ദിവസങ്ങൾകൂടിയുണ്ട്. അപ്പോളേക്കും എല്ലാം ശരിയാകുമെന്നാണ് കരുതുന്നത്’’–രോഹിത് പറഞ്ഞു.