റൊണാൾഡോ സൗദിയിലെത്തി; താരത്തിൻ്റെ ജഴ്സിക്ക് വൻ ഡിമാൻഡ്, വില 300 റിയാൽ

റിയാദ്: പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെത്തി. റിയാദിലെത്തിയ അദ്ദേഹത്തെ അൽ നസർ ക്ലബ്ബിന്‍റെ ആരാധകർ സ്വീകരിച്ചു. ചൊവ്വാഴ്ച ആയിരക്കണക്കിന് അൽ നസർ ആരാധകരുടെ സാന്നിധ്യത്തിൽ ക്ലബ് റൊണാൾഡോയെ ഔദ്യോഗികമായി അവതരിപ്പിക്കും. ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് താരം അൽ നസർ സ്ക്വയറിലെത്തും.

തിങ്കളാഴ്ച രാത്രി വൈകിയാണ് 37 കാരനായ താരം സൗദിയിലെത്തിയത്. സൗദി അറേബ്യയിലെ ആഡംബര ഹോട്ടലിലാണ് താരവും കുടുംബവും താമസിക്കുന്നത്. സഹായികളും സുരക്ഷാ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ക്രിസ്റ്റ്യാനോയെ സൗദി അറേബ്യയിലേക്ക് അനുഗമിച്ചതായാണ് വിവരം. താരത്തിൻ്റെ വരവിനായി കനത്ത സുരക്ഷയാണ് വിമാനത്താവളത്തിൽ ഒരുക്കിയിരുന്നത്.

ഏഴാം നമ്പർ ജേഴ്സി അൽ നസർ ക്ലബ്ബിലും ഉപയോഗിക്കും. താരത്തിന്‍റെ അൽ നസർ ജേഴ്സിക്ക് സൗദി അറേബ്യയിൽ വലിയ ഡിമാൻഡാണ്. 300 സൗദി അറേബ്യ റിയാലാണ് ഔദ്യോഗിക ജഴ്സിയുടെ വില. ‘ദ് ഗോട്ട് ഈസ് ഹിയർ’, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അൽ നസർ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ്. രണ്ടര വർഷത്തേക്കാണ് കരാർ. സാമ്പത്തിക വിശദാംശങ്ങൾ ലഭ്യമല്ല.