‘റോഷാക്ക്’ ആദ്യ 3 ദിവസം കൊണ്ട് നേടിയത് 20 കോടി

ആദ്യ വാരാന്ത്യത്തിൽ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടുകയാണ് മമ്മൂട്ടിയുടെ ‘റോഷാക്ക്’. നിസാം ബഷീർ സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത അവതരണ ശൈലിയുള്ള പ്രതികാര കഥയാണ്. പൊടുന്നനെയുള്ള റിലീസ് പ്രഖ്യാപനവും അവധിക്ക് ശേഷമുള്ള റിലീസും ചിത്രത്തിന്‍റെ പ്രീ-റിലീസ് ബുക്കിംഗിനെ പ്രതികൂലമായി ബാധിച്ചിരുന്നു.

എന്നാൽ മികച്ച റിവ്യൂ വരാൻ തുടങ്ങിയതോടെ ചിത്രം സിനിമ പ്രേമികളുടെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ, ആദ്യ ദിവസം ആഗോളതലത്തിൽ 5.5 കോടി രൂപയും രണ്ടാം ദിവസം 6 കോടിയിലധികം രൂപയും മൂന്നാം ദിവസം 7 കോടിയിലധികം രൂപയും ചിത്രം നേടി.

ആദ്യ വാരാന്ത്യം കഴിയുമ്പോള്‍ ആഗോള കളക്ഷന്‍ 19-20 കോടി രൂപയാണ്. മികച്ച തിയറ്റര്‍ അനുഭവം സമ്മാനിക്കുന്നതും ആരാധകരെ സംതൃപ്തരാക്കുന്നതുമാണ് ചിത്രമെന്ന് നിരൂപകര്‍ പറയുന്നു. മികച്ച സൈക്കോളജിക്കല്‍ ത്രില്ലറുകളുടെ ഗണത്തില്‍ ചിത്രം വരുമെന്നാണ് അഭിപ്രായമുയരുന്നത്.

ആറ് കോടി രൂപയിൽ താഴെ ചെലവിൽ മമ്മൂട്ടിയുടെ കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ചിത്രം ഇതിനകം തന്നെ നിർമ്മാതാക്കൾക്ക് മികച്ച ലാഭം നൽകിയിട്ടുണ്ട്. ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും ലാഭകരമാകുന്ന ഒരു ഘട്ടത്തിലേക്ക് സിനിമ ഉടൻ എത്തുമെന്ന് ഏകദേശം ഉറപ്പാണ്.