‘റോഷാക്ക്’ സിനിമ എന്ന മാധ്യമത്തിന് മുകളില്‍ ചിന്തിക്കുന്നവര്‍ക്കുള്ള സമര്‍പ്പണമെന്ന് ജഗതീഷ്

മമ്മൂട്ടിയുടെ ‘റോഷാക്ക്’ സിനിമ എന്ന മാധ്യമത്തിന് മുകളിൽ ചിന്തിക്കുന്ന പ്രേക്ഷകര്‍ക്കുള്ള സമർപ്പണമാണെന്ന് നടൻ ജഗതീഷ്. ഇന്ന് പ്രേക്ഷകർ സിനിമയ്ക്ക് മുകളിലാണ് നിൽക്കുന്നതെന്നും ജഗതീഷ് പറഞ്ഞു.

“ആദ്യ കാലങ്ങളില്‍ സിനിമ എന്ന മാധ്യമം മുകളിലും പ്രേക്ഷകര്‍ താഴെയും ആയിരുന്നു. പിന്നീട് പ്രേക്ഷകര്‍ വളരാന്‍ തുടങ്ങി. അങ്ങനെ അവര്‍ സിനിമയുടെ ഒപ്പമായി. ഇപ്പോള്‍ സിനിമയ്ക്കും മുകളിലാണ് പ്രേക്ഷകര്‍. സിനിമ എന്ന മാധ്യമത്തിന്റെ മുകളില്‍ ചിന്തിക്കാന്‍ കഴിവുള്ള പ്രേക്ഷകര്‍ക്കാണ് റോഷാക്ക് സമര്‍പ്പിക്കുന്നത്” ജഗതീഷ് പറഞ്ഞു.

നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക് ഒക്ടോബർ ഏഴിന് തിയേറ്ററുകളിലെത്തും. ഒരു പോലീസുകാരന്‍റെ വേഷമാണ് ചിത്രത്തിൽ ജഗതീഷ് അവതരിപ്പിക്കുന്നത്. ഷറഫുദ്ദീന്‍, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാണ്.