ഫോർബ്സിൻ്റെ മികച്ച ഇന്ത്യൻ ചിത്രങ്ങളിലിടം നേടി ‘റോഷാക്ക്’, ‘ന്നാ താൻ കേസ് കൊട്’

കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച മേഖലയാണ് സിനിമാ വ്യവസായം.  ഒ.ടി.ടി റിലീസുകളിലൂടെ മലയാളമടക്കമുള്ള സിനിമകൾ ഇൻഡസ്ട്രിയിൽ പിടിച്ചുനിന്നു. കൊവിഡ് കാലത്തെ വലിയ ആഘാതത്തിൽ നിന്ന് വ്യത്യസ്ത ഭാഷകളിലെ സിനിമാ വ്യവസായങ്ങൾ ബഹുദൂരം മുന്നോട്ട് പോയതിന് ഈ വർഷം സാക്ഷ്യം വഹിച്ചു. വിവിധ ഭാഷകളിലായി നിരവധി മികച്ച സിനിമകൾ പുറത്തിറങ്ങി. അവയിൽ മലയാളം ഒട്ടും പിന്നിലല്ല എന്നതാണ് വാസ്തവം. ഈ വർഷം മലയാളത്തിൽ നിരവധി നല്ല സിനിമകൾ റിലീസ് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഫോബ്സ് മാഗസിൻ ഈ വർഷത്തെ മികച്ച ഇന്ത്യൻ ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ടു.

രണ്ട് മലയാള ചിത്രങ്ങളാണ് ഫോബ്സ് ലിസ്റ്റിൽ ഇടംപിടിച്ചത്. മമ്മൂട്ടി നായകനായ ‘റോഷാക്ക്’ കു‍ഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ എന്നിവയാണ് ഈ നേട്ടം കൈവരിച്ചത്. നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് വ്യത്യസ്തമായ ആഖ്യാനവും കഥപറച്ചിലും അവതരിപ്പിച്ചു. ന്നാ താൻ കേസ് കൊട് ഒരുക്കിയത് രതീഷ് ബാലകൃഷ്ണ പൊതുവാളാണ്.

രാജമൗലിയുടെ ആർആർആർ, അമിതാഭ് ബച്ചന്‍റെ ഗുഡ് ബൈ, ദി സ്വിമ്മേഴ്സ്, സായി പല്ലവിയുടെ ഗാർഖി, എവരിതിങ് എവരിവെയർ ആൾ അറ്റ് ഒൺ, ആലിയ ഭട്ടിന്റെ ​ഗം​ഗുഭായ്, പ്രിസണേഴ്സ് ഓഫ് ​ഗോസ്റ്റ്ലാന്റ്, ടിൻഡർ സ്വിൻഡ്ലർ, ഡൗൺ ഫാൾ: ദ കേസ് എ​ഗൈൻസ് ബോയ്ങ് എന്നിവയാണ് മറ്റ് ചിത്രങ്ങൾ.