ശമ്പളം കാത്തിരുന്ന പൊലീസുകാരന്റെ അക്കൗണ്ടിലെത്തിയത് 10 കോടി; അന്വേഷണം തുടങ്ങി

കറാച്ചി: ശമ്പളം കിട്ടാൻ കാത്തിരുന്ന പൊലീസുകാരന്‍റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചത് 10 കോടി രൂപ. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. അജ്ഞാത സ്രോതസ്സിൽ നിന്നാണ് പണം ലഭിച്ചത്.

ബഹാദൂർബാദ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ അമീർ ഗോപങ്ക് തന്‍റെ ശമ്പളമടക്കം 10 കോടി രൂപ അക്കൗണ്ടിൽ എത്തിയത് ഞെട്ടലോടെയാണ് കേട്ടത്. “ആ വാർത്ത കേട്ട് ഞാൻ ഞെട്ടിപ്പോയി. ഇത്രയധികം പണം ഇതിനുമുമ്പ് ഞാൻ കണ്ടിട്ടില്ല. ആയിരങ്ങളല്ലാതെ കൂടിയ തുക എന്റെ അക്കൗണ്ടിൽ ഉണ്ടാകാറുമില്ല” അദ്ദേഹം പറഞ്ഞു. ബാങ്കിൽ നിന്ന് വിളിച്ചപ്പോഴാണ് 10 കോടി രൂപ അക്കൗണ്ടിൽ എത്തിയതായി അറിഞ്ഞതെന്ന് ഗോപങ്ക് പറഞ്ഞു. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. എടിഎം കാർഡ് ബ്ലോക്ക് ചെയ്തു. സംഭവത്തിൽ ബാങ്ക് അന്വേഷണവും ആരംഭിച്ചു. 
 
ലർക്കാനയിലും സുക്കൂറിലും സമാനമായ രീതിയിൽ കോടിക്കണക്കിന് രൂപ പൊലീസുകാരുടെ അക്കൗണ്ടുകളിൽ എത്തിയതായി റിപ്പോർട്ടുകളുണ്ട്. ലർക്കാനയിൽ 50 കോടി രൂപ വീതം മൂന്ന് പൊലീസുകാരുടെ അക്കൗണ്ടുകളിൽ എത്തി. സുക്കൂറിലും ഒരു പൊലീസുകാരന് ഇത്രയും വലിയ തുക ലഭിച്ചു. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ലർക്കാന പൊലീസ് അറിയിച്ചു. പണം എങ്ങനെ വന്നു എന്ന് അറിയില്ലെന്നാണ് ഈ പൊലീസുകാരെല്ലാം പറയുന്നതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.