കേരളത്തിൽ ഒരു കിലോമീറ്റർ ഹൈവേ നിർമ്മാണത്തിന് ചിലവ് 100 കോടി: നിതിൻ ഗഡ്‌കരി

ന്യൂഡൽഹി: കേരളത്തിൽ ഒരു കിലോമീറ്റർ ഹൈവേ നിർമ്മാണത്തിന് 100 കോടി രൂപ ചെലവ് വരുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. രാജ്യത്തെ റോഡ് നിർമ്മാണത്തെക്കുറിച്ച് പാർലമെന്‍റിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹൈവേ നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവിന്‍റെ 25 ശതമാനം നൽകുമെന്ന് കേരള മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം അതിൽ നിന്ന് പിന്മാറിയെന്നും ഗഡ്കരി പറഞ്ഞു.

നിർമ്മാണ സാമഗ്രികളുടെ റോയൽറ്റി ഒഴിവാക്കിയും സർക്കാർ ഭൂമി സൗജന്യമായി നൽകിയും റോഡ് നിർമ്മാണത്തിൽ സഹകരിക്കാൻ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗഡ്കരി പറഞ്ഞു. രാജ്യത്തെ റോഡ് നിർമ്മാണത്തെ പരാമർശിച്ചുകൊണ്ടാണ് ഗഡ്കരി കേരളത്തിലെ സ്ഥിതിഗതികൾ വിശദീകരിച്ചത്. 

പെട്രോൾ വില വർദ്ധനവിൽ കേരളം ഉൾപ്പെടെ പല പ്രതിപക്ഷ സംസ്ഥാനങ്ങളും വാറ്റ് നികുതി ഒഴിവാക്കിയിട്ടില്ലെന്ന് ഹർദീപ് സിംഗ് പുരി ആരോപിച്ചു. പ്രതിപക്ഷ എം.പിമാർ വിഷയം ഉന്നയിച്ചപ്പോഴായിരുന്നു പ്രതികരണം.