പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി 10000 കോടിയുടെ മാസ്റ്റർ പ്ലാൻ; പി രാജീവ്

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യവൽക്കരണത്തിനും വിപുലീകരണത്തിനുമായി 10,000 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന പ്രഖ്യാപനവുമായി മന്ത്രി പി രാജീവ്. വ്യവസായ വിദഗ്ധർ, ട്രേഡ് യൂണിയനുകൾ, ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. റിയാബിൻ്റെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച ബിസിനസ് അലയൻസ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി രാജീവ്. സംസ്ഥാന സർക്കാരിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിൽ നിർമ്മിക്കുന്ന ഉപകരണങ്ങളുടെയും മെഷീൻ പാർട്സുകളുടെയും വിപണി വിപുലീകരണത്തിന്‍റെ ഭാഗമായാണ് ബിസിനസ് അലയൻസ് മീറ്റ് സംഘടിപ്പിച്ചത്.

സംസ്ഥാനത്ത് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ എട്ട് മാസത്തിനിടെ 1,01,353 എംഎസ്എംഇ സംരംഭങ്ങൾ ആരംഭിച്ചതായി മന്ത്രി ഇന്നലെ നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിലൂടെ 6,282 കോടി രൂപയുടെ ആഭ്യന്തര നിക്ഷേപമാണ് കേരളത്തിൽ നടന്നത്. 2,20,500 പേർക്ക് തൊഴിൽ ലഭിച്ചു. മലപ്പുറം, എറണാകുളം ജില്ലകളിൽ മാത്രം 10,000 ത്തിലധികം പുതിയ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. എട്ട് മാസം കൊണ്ട് ഒരു വർഷത്തിൽ കൈവരിക്കാൻ ലക്ഷ്യമിട്ടത് സാധ്യമായെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എംഎസ്എംഇ സംരംഭങ്ങൾക്ക് കൂടുതൽ വിപണി ഉറപ്പാക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ‘മെയ്ഡ് ഇൻ കേരള’ എന്ന പുതിയ ബ്രാൻഡ് നടപ്പാക്കുമെന്ന് ഇന്നലെ നിയമസഭയിൽ നടന്ന ചർച്ചയിൽ വ്യവസായ മന്ത്രി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് നിന്നുള്ള എംഎസ്എംഇ ഉൽപ്പന്നങ്ങൾക്കായി ‘മെയ്ഡ് ഇൻ കേരള’ എന്ന കേരള ബ്രാൻഡ് നടപ്പിലാക്കുന്നതിനെ സംസ്ഥാന സർക്കാരും അനുകൂലിക്കുന്നു. ചെറുകിട സംരംഭങ്ങൾക്ക് വിപണി ലഭ്യമാക്കാനാണ് സർക്കാരിൻ്റെ ശ്രമമെന്നും മന്ത്രി പറഞ്ഞിരുന്നു.