ചെലവാക്കിയത് 11000 കോടി, എന്നിട്ടും മലിനമായി ഗംഗ; കേന്ദ്രത്തിനെതിരെ വരുണ്‍ ഗാന്ധി

ന്യൂദല്‍ഹി: കേന്ദ്ര സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് ബിജെപി എംപി വരുണ്‍ ഗാന്ധി. ഗംഗാ നദി ശുചീകരണത്തിനും പുനരുജ്ജീവനത്തിനുമായി കോടിക്കണക്കിന് രൂപ ചെലവഴിച്ചത് എന്തിനാണെന്ന് വരുണ് ഗാന്ധി ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേന്ദ്ര സർക്കാരിന്റെ ഗംഗാ പുനരുജ്ജീവന പദ്ധതിയായ നമാമി ഗംഗേ പദ്ധതിയുടെ വിജയത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച വരുണ്‍ ഗാന്ധി, ഗംഗാ നദിയുടെ നിലവിലെ അവസ്ഥയ്ക്ക് ആരാണ് ഉത്തരവാദിയെന്ന് ചോദിച്ചു. 11,000 കോടി രൂപ ചെലവഴിച്ചിട്ടും എന്തുകൊണ്ടാണ് ഗംഗാനദി മലിനമായി തന്നെയിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ നേതൃത്വത്തിലുള്ള ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള നമാമി ഗംഗേ പദ്ധതി 2014-15 കാലഘട്ടത്തിലാണ് എൻഡിഎ സർക്കാർ ആരംഭിച്ചത്. 2015-2020 കാലയളവിൽ 20,000 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ അനുവദിച്ചത്. “ഗംഗ നമുക്ക് വെറുമൊരു നദിയല്ല, അത് അമ്മയാണ്,” വരുൺ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.