രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികൾക്ക് 22,000 കോടി അനുവദിച്ചു

ഡൽഹി: രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾക്കായി കേന്ദ്ര സർക്കാർ 22000 കോടി രൂപ ഗ്രാന്‍റ് അനുവദിച്ചു. ഉത്പാദനച്ചെലവിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് പാചകവാതക സിലിണ്ടറുകൾ എത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം നികത്താനാണ് ഗ്രാന്‍റ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പി) എന്നീ മൂന്ന് കമ്പനികൾക്ക് ഒറ്റത്തവണ ഗ്രാന്‍റായി തുക അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു.

2020 ജൂണിനും 2022 ജൂണിനും ഇടയിൽ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന് (എൽപിജി) അന്താരാഷ്ട്ര വിപണിയിൽ 300 ശതമാനം വില വർദ്ധനവ് രേഖപ്പെടുത്തി. എന്നാൽ ബാധ്യതയുടെ 72 ശതമാനം മാത്രമാണ് ഉപഭോക്താക്കൾക്ക് കൈമാറിയതെന്നാണ് സർക്കാരിന്റെ വിശദീകരണം. ഇതിലൂടെ എണ്ണക്കമ്പനികൾക്കുണ്ടാകുന്ന ബാധ്യതകൾ തീർക്കാനാണ് ഗ്രാന്‍റ് അനുവദിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് ഈ നിർദേശത്തിന് അംഗീകാരം നൽകിയത്. റെയിൽവേ ജീവനക്കാർക്കുള്ള ബോണസിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇതിനായി 1832 കോടി രൂപ അനുവദിച്ചതായി അനുരാഗ് ഠാക്കൂർ പറഞ്ഞു.