കരുവന്നൂരില്‍ നടന്നത് 400 കോടിയുടെ തട്ടിപ്പെന്ന് ഇ.ഡി റിപ്പോർട്ട്

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിൽ 400 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി). ഒരേ ഭൂമിയിടപാട് രേഖ ഉപയോഗിച്ച് നിരവധി പേർ വായ്പയെടുത്തതായി കണ്ടെത്തി. ഇത്തരത്തിലുള്ള 300 ഓളം വായ്പാ രേഖകൾ ഉണ്ടെന്നാണ് കണക്ക്. കൂടാതെ, ബാങ്ക് നടത്തിയ ചിട്ടികളിൽ ഭൂരിഭാഗവും ഒരേ വ്യക്തി തന്നെ ആദ്യ തവണ വിളിച്ചതായും കണ്ടെത്തി.

ബാങ്ക് ഭാരവാഹികളെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം കൊച്ചിയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. സഹകരണവകുപ്പിന്റെ ഔദ്യോഗിക വെളിപ്പെടുത്തലനുസരിച്ച് 104 കോടി രൂപയുടെ വെട്ടിപ്പാണ് കരുവന്നൂരില്‍ നടന്നത്.എന്നാൽ 300 കോടി രൂപ തട്ടിയെടുത്തെന്ന് ആരോപിച്ചാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.

ബാങ്ക് നടത്തുന്ന ചിട്ടികളിൽ ഒരാൾ 12 കോടി രൂപയുടെ 50 ഓളം ചിട്ടികളാണ് വിളിച്ചെടുത്തത്. അത്തരം 20 അല്ലെങ്കിൽ 30 ചിട്ടികൾ വിളിച്ചെടുത്തവരും ഉണ്ട്. അവരിൽ ഭൂരിഭാഗവും ഒരു സല അടയ്ക്കുകയും പിന്നീട് അത് അടയ്ക്കാതിരിക്കുകയും ചെയ്തവരാണ്.