ഉറങ്ങി നേടിയത് അഞ്ച് ലക്ഷം രൂപ ; ഇന്ത്യയുടെ ഉറക്ക രാജ്ഞിയായി ത്രിപർണ
കൊൽക്കത്ത: ഉറങ്ങി നേടിയത് അഞ്ച് ലക്ഷം രൂപ. എങ്ങനെയെന്നല്ലേ? കൊൽക്കത്തയിൽ നിന്നുള്ള 26 കാരിയായ യുവതിയാണ് ഇന്ത്യയുടെ ഉറക്ക രാജ്ഞിയായത്. കിടക്ക നിർമാതാക്കളായ വേക്ക്ഫിറ്റ് സംഘടിപ്പിച്ച ഉറക്ക മത്സരത്തിലാണ് ഇരുപത്തിയാറുകാരിയായ ത്രിപർണ ചക്രബർത്തി കൗതുകകരമായ വിജയം നേടിയത്. തുടർച്ചയായി 100 ദിവസം ഒൻപത് മണിക്കൂർ ഉറങ്ങിയാണ് ത്രിപർണ ഈ നേട്ടം കൈവരിച്ചത്. വേക്ക്ഫിറ്റിന്‍റെ സ്ലീപ്പ് ഇന്‍റേൺഷിപ്പ് സീസൺ 2 ന്‍റെ ചാമ്പ്യനായാണ് 26 കാരിയെ തിരഞ്ഞെടുത്തത്.
മൂന്ന് മാസത്തിലേറെ നീണ്ടുനിന്ന മത്സരമായിരുന്നു ഇത്. ഒടുവിൽ, അവസാന റൗണ്ടിലേക്ക് നാല് പേരെ തിരഞ്ഞെടുത്തു. ഫൈനൽ ഒരു ദിവസത്തെ തത്സമയ ഉറക്കമായിരുന്നു. അവസാന റൗണ്ടിലെത്തിയെത്തിയ ബാക്കി മൂന്നുപേരെയും ഏറെ പിന്നിലാക്കിയാണ് ത്രിപർണ ഈ ചാംപ്യൻ പട്ടം സ്വന്തമാക്കിയത്. 95 ശതമാനം ഉറക്ക കാര്യക്ഷമതാ നിരക്കാണ് ത്രിപർണയ്ക്കുണ്ടായിരുന്നത്. ബാക്കി മൂന്ന് പേർക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനമായി നൽകി. ഇത്തവണ 5.5 ലക്ഷം പേരാണ് മത്സരത്തിനായി അപേക്ഷിച്ചത്.
ശാസ്ത്രീയ ഉറക്കം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്‍റേൺഷിപ്പ് മോഡിൽ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നതെന്ന് വേക്ക്ഫിറ്റ് ഡയറക്ടറും സഹസ്ഥാപകനുമായ ചൈതന്യ രാമലിംഗ ഗൗഡ പറഞ്ഞു. ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി മത്സരാർത്ഥികൾക്ക് വിദഗ്ദ്ധരുടെ കൗൺസലിംഗ് സെഷനുകളും ഫിറ്റ്നസ് വിദഗ്ധരുമായും ഹോം ഡെക്കറേഷൻ മേഖലയിലെ പ്രമുഖ വ്യക്തികളുമായും സംവദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.