50 ലക്ഷം രൂപ കവർന്നു; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ സസ്പെൻഡ് ചെയ്തു

അമ്പൂരി : അമ്പൂരി പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ സസ്പെൻഡ് ചെയ്തു. പദ്ധതി വിഹിതത്തിൽ നിന്ന് വ്യാജ അക്കൗണ്ട് ഉണ്ടാക്കി 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ആണ് സസ്‌പെൻഷൻ . പ്രഥമദൃഷ്ട്യ അഴിമതി കണ്ടെത്തിയതായി ജില്ലാ ദാരിദ്ര്യ ലഘൂകരണ വകുപ്പ് പ്രോജക്ട് ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.
തലസ്ഥാന ജില്ലയിലെ മലയോര പഞ്ചായത്തിലെ വി.ഇ.ഒ എസ്.ജി ദിനുവിനെ അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തത്. വ്യാജ അക്കൗണ്ട് ഉണ്ടാക്കി കുടുംബശ്രീ ഫണ്ടിൽ നിന്നും ഭവന നിർമ്മാണ പദ്ധതി ഫണ്ടിൽ നിന്നും 50 ലക്ഷത്തിലധികം രൂപ സ്വന്തമാക്കി. ഗ്രാമവികസന കമ്മീഷണറേറ്റിന്‍റെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർ അമ്പൂരി പഞ്ചായത്തിലെത്തി അന്വേഷണം നടത്തി.

വാർത്ത സത്യമാണെന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്. അതേസമയം, ഫീൽഡ് തലത്തിൽ വിശദമായ പരിശോധനയ്ക്ക് ശേഷമേ അഴിമതിയുടെ യഥാർഥ വ്യാപ്തി പുറത്തുവരൂ.