2 ലോഡ് മണ്ണിന് 500 രൂപ പോര; കൈക്കൂലി വാങ്ങുന്ന എസ്ഐയുടെ ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: എറണാകുളം അയ്യമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കൈക്കൂലി വാങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ട് ലോഡ് മണ്ണിന് 500 രൂപ മതിയാകില്ലെന്ന് പറയുന്ന ദൃശ്യങ്ങൾ ആണ് പ്രചരിക്കുന്നത്. ഇതോടെ എറണാകുളം റൂറൽ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു.

അയ്യമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ബൈജുക്കുട്ടൻ പട്രോളിംഗ് വാഹനത്തിൽ കൈക്കൂലി വാങ്ങുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. കൈയിൽ 500 രൂപ നോട്ടുമായി ഇത് പോരെന്നാണ് വാദം. പിന്നെ 500 രൂപ കൂടി കൊടുക്കുന്നു. ലോഡ് പിടിച്ച ശേഷം പറഞ്ഞിട്ട് കാര്യമില്ലെന്ന ഉപദേശവുമുണ്ട്.

കാലടി സ്വദേശിയായ മണൽക്കടത്ത് കേസിലെ പ്രതിയാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. ഇയാൾ കൈക്കൂലി നൽകുന്നതിൻ്റെ ദൃശ്യങ്ങൾ ആണെന്നാണ് വിവരം. സ്ഥിരം കുറ്റവാളികളുടെ വീടുകൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു. ഇയാളുടെ വീട്ടിലും നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങൾ പുറത്തുവന്നത്.