സർക്കാർ അഭിഭാഷകർക്ക് പ്രതിഫലമായി ചെലവിട്ടത് 8.72 കോടി

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിലെ സി.ബി.ഐ അന്വേഷണത്തിനെതിരെ സർക്കാരിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകൻ 55 ലക്ഷം രൂപയാണ് പ്രതിഫലമായി നൽകിയത്. ഒന്നാം എൽഡിഎഫ് സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലത്തെ തുകയാണിത്. ഹൈക്കോടതിയിലെ വിവിധ കേസുകളിൽ സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകർക്ക് ഇക്കാലയളവിൽ 8,72,90,000 രൂപയാണ് നൽകിയത്.

ഒരു അഭിഭാഷകന് 22 ലക്ഷം നല്‍കാനുണ്ട്. യാത്രാച്ചെലവായി 24.94 ലക്ഷം രൂപയും താമസസൗകര്യത്തിനായി 8.59 ലക്ഷം രൂപയുമാണ് അഭിഭാഷകർക്ക് നൽകിയത്. ലൈഫ് മിഷൻ കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സർക്കാർ സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. ഡൽഹി പോലീസ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് അനുസരിച്ചാണ് സി.ബി.ഐ പ്രവർത്തിക്കുന്നതെന്നും അതിനാൽ സി.ബി.ഐ അന്വേഷണത്തിന് സർക്കാരിന്റെ അനുമതി വേണമെന്നുമായിരുന്നു ലൈഫ് മിഷന്‍റെ വാദം. എന്നാൽ സിബിഐ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതി ആരോപണം ഉയർന്നത് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ്. പദ്ധതിക്കായി യു.എ.ഇയിൽ നിന്ന് ലഭിച്ച 18.50 കോടി രൂപയിൽ 14.50 കോടി രൂപ വിനിയോഗിച്ച് ബാക്കി തുക കമ്മിഷനായി വിതരണം ചെയ്തു.