ദേശീയപതാക കാവി പതാകയായിരിക്കണമെന്ന് പറഞ്ഞവരാണ് ആര്‍എസ്എസ്: മുഹമ്മദ് റിയാസ്
സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാക കാവി പതാകയായിരിക്കണമെന്ന് പറഞ്ഞവരാണ് ആർ.എസ്.എസെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കണ്ണൂരിൽ നടന്ന ഡി.വൈ.എഫ്.ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്.
ആർ.എസ്.എസിനൊപ്പം സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു പങ്കുമില്ലെന്ന് കോൺഗ്രസും പറയുന്നു. പയ്യന്നൂരിൽ കെ.കേളപ്പനോടൊപ്പം ഉപ്പു കുറുക്കിയവരിൽ ഒരാളാണ് പി.കൃഷ്ണപിള്ള. പാലക്കാട് ഷാജഹാൻ കൊല്ലപ്പെട്ടതിനെ കുറിച്ച് ഒന്നും പറയാൻ യു.ഡി.എഫ് തയ്യാറായില്ല. ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിച്ചത് പോലെ രണ്ടാം പിണറായി സർക്കാരിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.
അതേസമയം, സ്വാതന്ത്ര്യദിന പ്രസംഗത്തിൽ സവർക്കറെ അനുസ്മരിച്ച് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. സ്വാതന്ത്ര്യസമരകാലത്ത് വൈസ്രോയിയെ കണ്ട അദ്ദേഹം സംഘപരിവാർ തന്നോടൊപ്പമുണ്ടെന്ന് പറഞ്ഞു. ഇന്ന്, സ്വാതന്ത്ര്യത്തിന്‍റെ നേരവകാശികളാകാൻ ചരിത്രം തിരുത്തുകയാണ്. ഡിവൈഎഫ്ഐയുടെ ഫ്രീഡം സ്ട്രീറ്റിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.