ആർഎസ്എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ട്; വെളിപ്പെടുത്തലുമായി സുധാകരൻ
കണ്ണൂര്‍: സംഘടനാ കോണ്‍ഗ്രസിലായിരിക്കെ ആർഎസ്എസ് ശാഖകൾക്ക് സംരക്ഷണം നൽകിയതായി വെളിപ്പെടുത്തി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. കണ്ണൂരിലെ എടക്കാട്, തോട്ടട, കിഴുന്ന എന്നിവിടങ്ങളിലെ ശാഖകൾക്ക് സംരക്ഷണം നൽകാൻ ആളെ വിട്ടെന്നാണ് സുധാകരന്‍റെ വെളിപ്പെടുത്തൽ. ശാഖകൾ അടിച്ചുതകര്‍ക്കാന്‍ സി.പി.എം ശ്രമിച്ചപ്പോഴാണ് സംരക്ഷണം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ എം.വി. രാഘവൻ അനുസ്മരണ പരിപാടിയിലായിരുന്നു സുധാകരന്‍റെ പരാമർശം.
ആർഎസ്എസ് ശാഖ ആരംഭിച്ചപ്പോൾ അടിച്ചുപൊളിക്കാനും തകര്‍ക്കാനും സിപിഎം ശ്രമിച്ചിരുന്നു. ഒരു ശാഖ കണ്ടെത്താൻ കഴിയാത്ത സാഹചര്യം പ്രദേശത്ത് ഉണ്ടായിരുന്നു. അന്ന് ആളെ അയച്ച് സംരക്ഷിച്ച ഒരാളാണ് ഞാൻ. ശാഖയോടും ശാഖയുടെ ലക്ഷ്യത്തോടും ആര്‍.എസ്.എസിനോടും ഉള്ള ആഭിമുഖ്യം കൊണ്ടല്ല. ജനാധിപത്യ അവകാശങ്ങൾ നിലനിൽക്കുന്നിടത്ത് മൗലികാവകാശങ്ങൾ നശിപ്പിക്കപ്പെടുന്നത് നോക്കിനിൽക്കുന്നത് ജനാധിപത്യ വിശ്വാസികൾക്ക് ചേർന്നതല്ല എന്ന തോന്നലാണ് അതിന് പ്രേരിപ്പിച്ചത്. ആർഎസ്എസിന്‍റെ പ്രവർത്തനങ്ങളുമായി ഒരു തരത്തിലും സഹകരിക്കുകയോ ബന്ധപ്പെടുകയോ പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ആവിഷ്കാര സ്വാതന്ത്ര്യവും രാഷ്ട്രീയ സ്വാതന്ത്ര്യവും ഓരോ പൗരന്‍റെയും ജൻമാവകാശമാണ്. ആ ജൻമാവകാശം നിലനിർത്തണം.
പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി സുധാകരൻ രംഗത്തെത്തി. ജനാധിപത്യ സംരക്ഷണത്തിന് വേണ്ടിയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് പറഞ്ഞ സുധാകരൻ തന്‍റെ പ്രസംഗത്തിലെ പരാമർശങ്ങളിൽ ഉറച്ചുനിന്നു. താനന്ന് സംഘടനാ കോണ്‍ഗ്രസിന്റെ ഭാഗമാണെന്നും അന്നത്തെ സംഘടനാ കോണ്‍ഗ്രസിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപിയുമായി നയപരമായി ബന്ധമുണ്ടായിരുന്നെന്നും സുധാകരൻ വിശദീകരിച്ചു. ‘എല്ലാ പാർട്ടികൾക്കും പ്രവർത്തന സ്വാതന്ത്ര്യമുണ്ട്. സി.പി.എമ്മിന് അത് നഷ്ടപ്പെട്ടാലും കോൺഗ്രസ് ഇടപെടും’ സുധാകരൻ പറഞ്ഞു.