ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ്റെ കൊലപാതകം; അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ

പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് എൻഐഎ ഏറ്റെടുത്തു. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. കൊലപാതകത്തിൽ തീവ്രവാദ ബന്ധമുണ്ടെന്ന് എൻഐഎ നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേസിൽ പുതുക്കിയ എഫ്ഐആർ എൻഐഎ സമർപ്പിക്കും.

ഏപ്രിൽ 16നാണ് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ പട്ടാപ്പകൽ മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘം മേലാമുറിയിലെ കടയ്ക്കുള്ളിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് ശ്രീനിവാസന്‍റെ കൊലപാതകമെന്ന് അന്വേഷണ സംഘം കണ്ടെത്തി. 

പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഡാലോചന നടന്നതെന്ന് പൊലീസ് പറയുന്നു.