മലപ്പുറത്തെ അപകടനിരത്തുകള്‍ മാപ്പില്‍ അടയാളപ്പെടുത്തി ആര്‍ടിഒ; ഇനി സുരക്ഷിത യാത്ര
മലപ്പുറം: മലപ്പുറം ജില്ലയിലെ സ്ഥിരം അപകടപാതകൾ അടയാളപ്പെടുത്തുന്ന ജോലികൾ അവസാന ഘട്ടത്തില്‍. കഴിഞ്ഞ മൂന്ന് വർഷത്തെ അപകടങ്ങളും അവയുടെ സമ്പൂർണ വിവരങ്ങളും ശേഖരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്‍റ് ആർടിയുടെ വിശകലനം. സുരക്ഷിതമായ യാത്രയ്ക്ക് വഴിയൊരുക്കുകയാണ് ദൗത്യത്തിന്‍റെ ലക്ഷ്യം.
മലപ്പുറം ജില്ലയിലെ റോഡുകളിൽ 179 സ്ഥിരം അപകട കേന്ദ്രങ്ങളാണുള്ളത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 6,224 റോഡപകടങ്ങളാണ് ഉണ്ടായത്. ഇക്കാലയളവിൽ 896 ജീവനുകളാണ് റോഡപകടങ്ങളിൽ പൊലിഞ്ഞത്. ഇതെല്ലാം വിലയിരുത്തുകയും ഇഴകീറി പരിശോധിച്ച് അപകടസ്ഥലങ്ങൾ അടയാളപ്പെടുത്തുകയും ചെയ്തു.
2019 ലെ അപകടങ്ങളുടെ പോലീസ് എഫ്ഐആർ പരിശോധിച്ചും സ്ഥലം സന്ദർശിച്ച് നാട്ടുകാരിൽ നിന്ന് വിവരങ്ങൾ ആരായുകയും ചെയ്താണ് അപകടസ്ഥലങ്ങൾ ക്ലസ്റ്ററുകളായി അടയാളപ്പെടുത്തിയത്. അപകടം നടന്ന സമയം, വാഹനം, ആഘാതം, അപകടമരണം എന്നിവയെല്ലാം മാപ്പിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അപകടപാതകൾ എളുപ്പത്തിൽ മനസ്സിലാക്കാൻ ഈ ദൗത്യം പൊതുജനങ്ങളെ സഹായിക്കും.