ചൈനയിൽ അട്ടിമറിയെന്ന് അഭ്യൂഹം; ബെയ്ജിങ്ങിൽ 6000 വിമാനങ്ങൾ റദ്ദാക്കി
ബെയ്ജിങ്: ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗിനെ അട്ടിമറിയിലൂടെ പുറത്താക്കിയെന്ന അഭ്യൂഹങ്ങൾക്കിടെ ബെയ്ജിങ് വിമാനത്താവളത്തിൽ നിന്ന് മുന്നറിയിപ്പില്ലാതെ 6,000 ലധികം വിമാനങ്ങൾ റദ്ദാക്കി. ബെയ്ജിങ്ങിലേക്കും തിരിച്ചുമുള്ള സർവീസുകളും ഇതിൽ ഉൾപ്പെടുന്നു. കാരണം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നഗരത്തിൽ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായും റിപ്പോർട്ടുകളുണ്ട്.
ഷാങ്ഹായ് ഉൾപ്പെടെയുള്ള മറ്റ് ചൈനീസ് നഗരങ്ങളിൽ വ്യോമ, റെയിൽ ഗതാഗതം തടസ്സപ്പെട്ടിട്ടില്ല. വിമാന സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെ പ്രസിഡന്‍റ് ഷി ജിൻപിംഗ് വീട്ടുതടങ്കലിലാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ ശക്തമായി. ഉസ്ബെക്കിസ്ഥാനിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഔദ്യോഗിക സമാപനത്തിന് കാത്തുനിൽക്കാതെ ഷി ജിൻപിംഗ് മടങ്ങിയിരുന്നു. ചൈനീസ് സൈനിക മേധാവി സ്ഥാനത്ത് നിന്ന് ഷി ജിൻപിംഗിനെ നീക്കി വീട്ടുതടങ്കലിലാക്കിയെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്.