റണ്ണിങ് കോൺട്രാക്ട് പദ്ധതി: സ്ഥിരം സംവിധാനം ഏർപ്പെടുത്തുമെന്ന് പി.എ.മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിൽ റണ്ണിങ് കോൺട്രാക്ട് പദ്ധതി നടപ്പിലാക്കുന്ന റോഡുകളുടെ പരിപാലനം ഉറപ്പാക്കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡിലെ അറ്റകുറ്റപ്പണികൾക്കായി ഉദ്യോഗസ്ഥരുടെ ഉന്നതതല സംഘത്തെയാണ് നിയോഗിക്കുന്നത്. മന്ത്രിയുടെ നിർദേശപ്രകാരം വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിലവിൽ ജില്ലകളിൽ പരിശോധന നടത്തുന്നത്. പരിശോധനയ്ക്ക് ശേഷം ഇവർ സമർപ്പിക്കുന്ന റിപ്പോർട്ട് വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കും.

ചുമതലയുള്ള റോഡുകളിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സമയബന്ധിതമായി പരിശോധന നടത്തി പോരായ്മകൾ കണ്ടെത്തി പരിഹരിക്കുന്നതിന് സ്ഥിരം സംവിധാനം ഏർപ്പെടുത്താനാണ് ആലോചന. ഈ സംവിധാനത്തിലൂടെ ഉദ്യോഗസ്ഥർ ഫീൽഡിൽ പോയി പരിശോധന നടത്തുക എന്ന സുപ്രധാന ഉത്തരവാദിത്തം നിർവഹിക്കാൻ ഭാവിയിൽ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ നിർദേശപ്രകാരം രൂപീകരിച്ച സംഘത്തിന്‍റെ പരിശോധന വെള്ളിയാഴ്ചയും തുടർന്നു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് വെള്ളിയാഴ്ച പരിശോധന നടത്തിയത്. ജില്ലകളിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന. റോഡുകളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നുണ്ട്.