ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ താഴേക്ക്

ന്യൂ ഡൽഹി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. തുടർച്ചയായ നാലാം സെഷനിലും യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. രൂപയുടെ മൂല്യം ഈ മാസം ഏഴ് തവണയാണ് ഏറ്റവും താഴ്ന്ന നിലയിലെത്തിയത്.

ഇന്ന് രാവിലെ രൂപയുടെ മൂല്യം 0.17 ശതമാനം ഇടിഞ്ഞു.  79.64 ൽ നിന്ന് 79.77 എന്ന നിലയിലേക്ക് താഴ്ന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ജൂലൈ 26,27 തീയതികളിൽ യുഎസ് ഫെഡ് ചേരാൻ ഇരിക്കെ പലിശനിരക്ക് ഉയർന്നേക്കുമെന്ന് ഊഹാപോഹങ്ങളുണ്ട്. പലിശ നിരക്ക് 100 ബേസിസ് പോയിന്‍റ് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഉയർന്ന ഇറക്കുമതി കാരണം രാജ്യത്തിന്‍റെ വ്യാപാര കമ്മി വർദ്ധിച്ചു. 2022-23 ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യയുടെ ചരക്ക് ഇറക്കുമതി 187.02 ബില്യൺ ഡോളറായിരുന്നു, ഇത് 2021-22 ഏപ്രിൽ-ജൂൺ കാലയളവിലെ 126.96 ബില്യൺ ഡോളറിനേക്കാൾ 47.31 ശതമാനം വർദ്ധനവാണ്.