രൂപ വീണ്ടും താഴേക്ക്; ഡോളറിനെതിരെ റെക്കോർഡ് തകർച്ചയിൽ

മുംബൈ: യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ. ഡോളറിനെതിരെ രൂപയുടെ മൂല്യം 82.64 എന്ന റെക്കോർഡ് താഴ്ന്ന നിലയിലാണ്. യുഎസ് ജോബ്സ് റിപ്പോർട്ട് വരുന്നതോടെ ഫെഡറൽ റിസർവ് നിരക്കുകൾ ഉയർത്തുമെന്നാണ് സൂചനകൾ.

ഇന്ന് ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ 0.38 ശതമാനം ഇടിഞ്ഞ് 82.6350 ൽ എത്തി. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി രൂപയുടെ മൂല്യത്തകർച്ച തടയാൻ റിസർവ് ബാങ്കിന്‍റെ ഇടപെടലുകൾക്ക് കഴിഞ്ഞിട്ടില്ല. രൂപയെ സംരക്ഷിക്കുന്നതിന് റിസർവ് ബാങ്കിന് വിദേശനാണ്യ കരുതൽ ശേഖരം കുറവാണ്.

റിസർവ് ബാങ്കിന്‍റെ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ ഫോറെക്സ് കരുതൽ ശേഖരം 532.66 ബില്യൺ ഡോളറായി കുറഞ്ഞു, ഇത് 2020 ജൂലൈ മുതൽ സെപ്റ്റംബർ 30 വരെയുള്ള ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. കഴിഞ്ഞയാഴ്ച ഫോറെക്സ് കരുതൽ ശേഖരം 537.5 ബില്യൺ ഡോളറായിരുന്നു.