റുഷ്ദിയുടെ ആരോഗ്യനിലയില്‍ പുരോഗതി; കുറ്റങ്ങള്‍ നിഷേധിച്ച് അക്രമി

ന്യൂയോർക്കിലെ വേദിയിൽ പ്രഭാഷണത്തിനിടെ എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ കോടതിയിൽ കുറ്റം നിഷേധിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം ഇപ്പോഴും ആശുപത്രിയിൽ കഴിയുന്ന റുഷ്ദിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ആണ് റിപ്പോർട്ടുകൾ. റുഷ്ദി സംസാരിച്ച്‌ തുടങ്ങിയെന്നും കുറച്ച് ദൂരം മുറിയില്‍ നടന്നെന്നും സൂചനയുണ്ട്.
റുഷ്ദിക്ക് മികച്ച പരിചരണമാണ് നല്‍കുന്നതെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോക്കല്‍ അറിയിച്ചു. ഇന്ത്യൻ സമയം രാത്രി 8.30ന് ഷട്ടോക്വ എഡ്യൂക്കേഷണൽ സെന്‍ററിൽ നടന്ന ചടങ്ങിനിടെ സ്റ്റേജിലേക്ക് പാഞ്ഞെത്തിയാണ് അക്രമി റുഷ്ദിയെ കഴുത്തില്‍ കുത്തിവീഴ്ത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂജേഴ്സി സ്വദേശിയായ ഹാദി മറ്റാർ (24) ആണ് അറസ്റ്റിലായതെന്ന് ന്യൂയോർക്ക് പോലീസ് അറിയിച്ചു. എന്താണ് ആക്രമണത്തിന് കാരണമെന്ന് വ്യക്തമല്ല.
ജെയിംസ്ടൗണിൽ നിന്ന് മറ്റാറിനെ ചൗതൗക്വാ കൗണ്ടി ജയിലിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഇയാളുടെ അമ്മയെയും കോടതിയിൽ ഹാജരാക്കി. മറ്റാറിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. എന്നാൽ ഇയാൾ തനിക്കെതിരായ ആരോപണങ്ങൾ കോടതിയിൽ നിഷേധിക്കുകയായിരുന്നു. കോടതി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.