യുക്രെയ്നിലെ റയിൽവേ സ്റ്റേഷനിൽ റഷ്യ വ്യോമാക്രമണം നടത്തി; 22 മരണം

കീവ്: യുക്രൈനിലെ റെയിൽവേ സ്റ്റേഷന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 50 ഓളം പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ അഞ്ചുപേർ വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ പൊള്ളലേറ്റ് മരിച്ചതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ പതിനൊന്നു വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു.

യുക്രൈനിലെ സ്വാതന്ത്ര്യദിനമായ ഇന്നലെയാണ് ആക്രമണം നടന്നത്. യുക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കിയാണ് യുഎൻ രക്ഷാസമിതി യോഗത്തിൽ ഇക്കാര്യം അറിയിച്ചത്.

റഷ്യൻ അധിനിവേശം തുടങ്ങിയിട്ട് ഇന്നലെ ആറുമാസം കഴിഞ്ഞിരുന്നു. ജനവാസ കേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്തുന്ന റഷ്യയെ സെലെൻസ്കി വിമർശിച്ചിരുന്നു. റഷ്യ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.