ക്രിമിയയിലെ കടൽ പാലം പുനർനിർമ്മിക്കാൻ ഒരുങ്ങി റഷ്യ, 2023 ജൂലൈയിൽ പൂർത്തിയാക്കും

മോസ്‌കോ: ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന സ്ഫോടനത്തിൽ തകർന്ന ക്രിമിയയിലെ കടൽപ്പാലം പുനർനിർമ്മിക്കാൻ റഷ്യ ഉത്തരവിട്ടു. റഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന ഏക പാലം തകർന്നത് വലിയ തിരിച്ചടിയാണെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ പറഞ്ഞു . ഇതിന് പിന്നാലെയാണ് ഉക്രൈനിൽ വ്യോമാക്രമണം നടന്നത്. അതേസമയം, ക്രിമിയ പാലത്തിന്‍റെ അറ്റകുറ്റപ്പണികൾ 2023 ജൂലൈയോടെ പൂർത്തിയാക്കാൻ റഷ്യൻ സർക്കാർ വെള്ളിയാഴ്ച ഉത്തരവിറക്കി. പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ ഒപ്പിട്ട ഉത്തരവിൽ, 2023 ജൂലൈ 1 നകം നിർമ്മാണം പൂർത്തിയാക്കാൻ ചുമതലപ്പെടുത്തിയ കമ്പനിയോട് കാബിനറ്റ് ആവശ്യപ്പെട്ടു.

ക്രിമിയ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കടൽ പാലത്തിന് സ്ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. യുദ്ധം മുറുകിയതോടെ പാലത്തിന്‍റെ തകർച്ച റഷ്യയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഉക്രെയ്നിൽ നിന്ന് റഷ്യ പിടിച്ചെടുത്ത ക്രിമിയ ഉപദ്വീപിലേക്കുള്ള ഏക പാതയായ കെർച്ച് പാലത്തിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ പാലത്തിന്‍റെ ഒരു ഭാഗം തകർന്നു. റഷ്യൻ മാധ്യമങ്ങൾ പാലത്തെ ‘നൂറ്റാണ്ടിന്‍റെ നിർമ്മാണം’ എന്നാണ് വിശേഷിപ്പിച്ചത്. പുടിന്‍റെ കീഴിലുള്ള ഏറ്റവും പ്രധാനപ്പെട്ട നിർമിതിയായും ഇതിനെ വിശേഷിപ്പിച്ചു. 

പാലം തകർന്നതിന് പിന്നിൽ ഉക്രൈനാണെന്ന് ആരോപിച്ച പുടിൻ കഴിഞ്ഞ ദിവസങ്ങളിൽ കീവ് വിമാനാക്രമണത്തിലൂടെ കനത്ത നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. പാലം പൊളിച്ചതിനെ ‘തീവ്രവാദി ആക്രമണം’ എന്നാണ് പുടിൻ വിശേഷിപ്പിച്ചത്. ആക്രമണത്തിന്‍റെ സൂത്രധാരനും ആക്രമണകാരികളും സ്പോൺസർമാരുമാണ് ഉക്രൈനെന്നും പുടിൻ പറഞ്ഞിരുന്നു.