റഷ്യ മൂന്ന് യുറോപ്യൻ രാജ്യങ്ങളിലേക്കുള്ള എണ്ണവിതരണം നിർത്തി
മോസ്കോ: ഉക്രൈൻ വഴി മൂന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള എണ്ണ വിതരണം റഷ്യ നിർത്തിവച്ചു. ഉപരോധം കാരണം വിതരണത്തിന് പണം നൽകാൻ കഴിയാത്തതിനെ തുടർന്നാണ് വിതരണം നിർത്തിവെച്ചത്. എണ്ണക്കമ്പനിയായ ട്രാൻസൻഫെറ്റാണ് ഇക്കാര്യം അറിയിച്ചത്.
ചെക്ക് റിപ്പബ്ലിക്ക്, സ്ലൊവാക്യ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉക്രൈൻ വഴി പോകുന്ന പൈപ്പ് ലൈനിലാണ് തടസം. ഓഗസ്റ്റ് 4 മുതൽ പൈപ്പ് ലൈൻ വഴിയുള്ള വിതരണം നിർത്തിയതായി കമ്പനി അറിയിച്ചു. എണ്ണ വിതരണത്തിനുള്ള ഫണ്ട് ലഭിക്കാത്തതിനാൽ ഉക്രേനിയൻ ഭാഗത്ത് നിന്നാണ് വിതരണം നിർത്തിയതെന്ന് കമ്പനി അറിയിച്ചു.
അതേസമയം, റഷ്യയിൽ നിന്ന് പോളണ്ട്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള എണ്ണ വിതരണം തടസ്സപ്പെട്ടിട്ടില്ല. ബെലാറസ് വഴിയാണ് ഈ രാജ്യങ്ങളിലേക്ക് എണ്ണ എത്തിക്കുന്നത്. റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ, ഡീസൽ, പ്രകൃതിവാതകം, കൽക്കരി എന്നിവയെ യൂറോപ്പ് അമിതമായി ആശ്രയിക്കുന്നുണ്ട്. ഈ ആശ്രയത്വം കുറക്കാനുള്ള ശ്രമത്തിലാണ് നിലവിൽ രാജ്യങ്ങൾ. നേരത്തെ യൂറോപ്യൻ യൂണിയനും ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരുന്നു.