ആണവായുധ പരിശീലനങ്ങൾ നടത്തുമെന്ന് റഷ്യ; മുന്നറിയിപ്പുമായി അമേരിക്ക
വാഷിംഗ്ടൺ: വാർഷിക പരിശീലന പരിപാടികളുടെ ഭാഗമായി ആണവായുധ പരിശീലനം നടത്തുമെന്ന് റഷ്യ അമേരിക്കയെ അറിയിച്ചു. തങ്ങളുടെ കർമ്മ പദ്ധതിയെക്കുറിച്ച് റഷ്യയെ അറിയിച്ചതായി വാഷിംഗ്ടൺ പ്രസ്താവനയിൽ പറഞ്ഞു.
റഷ്യൻ സേനയുടെ വാർഷിക ‘ഗ്രോം’ അഭ്യാസത്തിനിടെ ആണവായുധ പരീക്ഷണങ്ങൾ നടത്തുമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടൽ. പുതിയ സ്റ്റാർട്ട് കരാർ പ്രകാരം, ഇത്തരം മിസൈൽ വിക്ഷേപണങ്ങൾ മുൻകൂട്ടി അറിയിക്കാൻ റഷ്യ ബാധ്യസ്ഥരാണെന്ന് അമേരിക്ക പറയുന്നു. ഉക്രൈൻ അധിനിവേശ സമയത്ത് പ്രതിരോധത്തിനായി ആണവായുധങ്ങൾ ഉപയോഗിക്കാനുള്ള സാധ്യത പുടിൻ പ്രഖ്യാപിച്ചിരുന്നു. അതിനാൽ, റഷ്യയുടെ ഈ നീക്കം അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ഭീഷണിയാണെന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു.
ഉക്രൈൻ ഒരു ‘ഡേർട്ടി ബോംബ്’ പുറത്തെടുക്കാൻ തയ്യാറെടുക്കുകയാണെന്ന് റഷ്യ ഇന്നലെ യുഎൻ രക്ഷാസമിതിയെ അറിയിച്ചതിന് പിന്നാലെയാണ് പരിശീലന വിവരം പുറത്തുവന്നത്. ഉക്രൈനും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഈ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞു. റഷ്യയുടെ പ്രസ്താവന തെറ്റാണെന്നും റഷ്യ-ഉക്രൈൻ യുദ്ധം രൂക്ഷമാക്കാൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അവർ പ്രതികരിച്ചു.