കൊടും കുറ്റവാളികളെ സൈന്യത്തില്‍ ചേർക്കാൻ റഷ്യ

റഷ്യ: ക്രിമിനൽ തടവുകാരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യാൻ റഷ്യ പദ്ധതിയിടുന്നു. ഇതിനുള്ള നിയമം പുടിൻ അംഗീകരിച്ചു. നിർബന്ധിത സൈനിക സേവന പദ്ധതിക്ക് പിന്നാലെയാണ് പുതിയ തീരുമാനം. എന്നാൽ കുറ്റവാളികളെ മോചിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. ക്രെംലിനിൽ റഷ്യൻ സേന നേരിട്ട ശക്തമായ തിരിച്ചടി മറികടക്കാനാണ് പുടിൻ കുറ്റവാളികളെ ഉക്രൈനിനെതിരായ യുദ്ധക്കളത്തിലേക്ക് കൊണ്ടുവരുന്നത്.

നവംബർ നാലിന് രാജ്യത്തെ യുവാക്കളെയും സന്നദ്ധ പ്രവർത്തകരെയും അഭിസംബോധന ചെയ്തുകൊണ്ട് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ വിശദീകരിച്ചത്, യുദ്ധമുഖത്തേക്ക് ആളുകളെ ചേര്‍ക്കാനുള്ള നിര്‍ബന്ധിത ശ്രമങ്ങള്‍ ആരംഭിച്ച ശേഷം 3,18,000 പേര്‍ റഷ്യയുടെ പോരാട്ടത്തില്‍ അണി നിരന്നതായും അതില്‍ 18,000 പേര്‍ സന്നദ്ധ പ്രവര്‍ത്തകരായി എത്തിയവര്‍ ആണെന്നുമാണ്. കുറ്റവാളികളെ യുദ്ധക്കളത്തിലേക്ക് കൊണ്ടുവരാനുള്ള നിയമം പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് പുടിന്‍റെ പരാമർശം എന്നതും ശ്രദ്ധേയമാണ്. കുട്ടികളെ ദുരുപയോഗം ചെയ്തവർ, ചാരവൃത്തിയുടെ പേരിൽ പിടിക്കപ്പെട്ടവർ, തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെട്ടവർ എന്നിവരാണ് ഇത്തരത്തിൽ യുദ്ധക്കളത്തിൽ എത്തുന്നവർ.

“യുദ്ധഭൂമിയിലേക്ക് സ്വമേധയാ വന്നവരിൽ 49,000ലധികം പേർ ഇതിനകം ഉക്രൈനിനെതിരെ മുൻനിരയിലുണ്ട്. ബാക്കിയുള്ളവർ പരിശീലനത്തിലാണ്.” പുടിൻ പറഞ്ഞു. ഫെബ്രുവരിയിൽ ആരംഭിച്ച അധിനിവേശത്തിന്‍റെ ആദ്യ ഘട്ടത്തിൽ ഉക്രൈൻ റഷ്യയ്ക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പാണ് നടത്തിയത്. അതേസമയം, ഇരുഭാഗത്തും നിരവധി സൈനികർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെക്കൻ, പടിഞ്ഞാറൻ മേഖലകളുടെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാൻ റഷ്യ പാടുപെടുകയാണ്. ഈ പ്രദേശങ്ങൾ ഇതിനകം തന്നെ തിരിച്ചുപിടിച്ചതായാണ് ഉക്രൈൻ അവകാശപ്പെടുന്നത്.