തുടര്‍ച്ചയായ രണ്ടാം മാസവും ഇന്ത്യയിലേക്ക് എണ്ണ വിതരണം ചെയ്യുന്നതിൽ റഷ്യ ഒന്നാമത്

ന്യൂഡല്‍ഹി: നവംബറിൽ ഇന്ത്യയിലേക്കുള്ള എണ്ണ വിതരണത്തിൽ ഒന്നാം സ്ഥാനത്ത് റഷ്യയായിരുന്നു. ഇന്ത്യയിലേക്കുള്ള പരമ്പരാഗത എണ്ണ വിതരണക്കാരായ ഇറാഖിനെയും സൗദി അറേബ്യയെയും റഷ്യ മറികടന്നു.

ഈ വർഷം മാർച്ച് വരെ, ഒരു വർഷത്തിൽ ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയുടെ 0.2 ശതമാനം മാത്രമാണ് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്. നവംബറിൽ റഷ്യയിൽ നിന്ന് പ്രതിദിനം 9,09,403 ബാരലുകളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇത് ഇന്ത്യയിലേക്ക് വരുന്ന എണ്ണ വിതരണത്തിന്‍റെ അഞ്ചിലൊന്ന് വരും.

നവംബറിൽ ഇറാഖിൽ നിന്ന് പ്രതിദിനം 861,461 ബാരൽ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് വോർട്ടെക്സയുടെ കണക്കുകൾ പറയുന്നു. സൗദി അറേബ്യയിൽ നിന്ന് 5,70,922 ബാരലും ഇറക്കുമതി ചെയ്തു. നിലവിൽ ഇന്ത്യയിലെ നാലാമത്തെ വലിയ എണ്ണ വിതരണക്കാരാണ് അമേരിക്ക. നവംബറിൽ പ്രതിദിനം 4,05,525 ബാരലുകളാണ് ഇന്ത്യ ഇവിടെ നിന്ന് വാങ്ങിയത്.