യുക്രൈന്‍ അതിര്‍ത്തിയായ പോളണ്ടിലെ ഗ്രാമത്തിൽ റഷ്യന്‍ മിസൈല്‍ ആക്രമണം
വാഷിങ്ടൻ: യുക്രൈനെതിരായ റഷ്യന്‍ മിസൈല്‍ ആക്രമണം പോളണ്ടിലേക്കും. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും പതിനഞ്ച് മൈല്‍ അകലെയുള്ള പോളണ്ടിന്‌റെ ഭാഗത്ത് റഷ്യന്‍ മിസൈല്‍ പതിച്ചതായാണ് വിവരം. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നാറ്റോ രാജ്യങ്ങളിലൊന്നായ പോളണ്ടിന് നേരെയുണ്ടായ ആക്രമണം അബദ്ധത്തില്‍ സംഭവിച്ചതാണോയെന്നത് ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നാലെ, പോളണ്ട് പ്രധാനമന്ത്രി മാറ്റ്യൂസ് മൊറാവിക്കി ദേശീയ സുരക്ഷയ്ക്കും പ്രതിരോധ കാര്യങ്ങൾക്കുമായി അടിയന്തര യോഗം വിളിച്ചതായി പോളണ്ട് സർക്കാർ വക്താവ് പിയോറ്റർ മുള്ളർ ട്വീറ്റ് ചെയ്തു.
ചൊവ്വാഴ്ച യുക്രൈനിലെ ഊര്‍ജ്ജ സംവിധാനങ്ങള്‍ തകര്‍ത്തിരുന്നു. ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ മിസൈലുകളാണ് ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ റഷ്യ യുക്രൈനെതിരെ പ്രയോഗിച്ചിട്ടുള്ളത്. എന്നാല്‍ യുക്രൈന്‍ പോളണ്ട് അതിര്‍ത്തിയിലേക്ക് മിസൈല്‍ അയച്ചിട്ടില്ലെന്നാണ് റഷ്യന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. പോളണ്ടിലേക്ക് റഷ്യന്‍ മിസൈല്‍ കടന്നുണ്ടായ നാശനഷ്ടങ്ങളുടെ ചിത്രങ്ങളേക്കുറിച്ചും റഷ്യയ്ക്ക് അറിവില്ലെന്നാണ് അധികൃതരുടെ പ്രതികരണം. ആക്രമണത്തേക്കുറിച്ച് നാറ്റോ പോളണ്ടിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നാറ്റോ അംഗരാജ്യമായ പോളണ്ടിനുമേൽ മിസൈൽ പതിച്ചതിൽ, നാറ്റോ സഖ്യകക്ഷികളും അടിയന്തര യോഗം വിളിച്ചു. പോളണ്ട് പ്രസിഡന്‍റ് മാറ്റ്യൂസ് മൊറാവിക്കി, യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ച നടത്തി. സൈന്യത്തോട് സജ്ജമാകാന്‍ പോളണ്ട് ഭരണകൂടം നിര്‍ദേശിച്ചു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് മിസൈല്‍ ആക്രമണമുണ്ടായതെന്നാണ് പോളിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുക്രൈന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പോളിഷ് ഗ്രാമത്തിലാണ് മിസൈല്‍ പതിച്ചതെന്നും രണ്ട് പേര്‍ കൊല്ലപ്പെട്ടുവെന്നുമാണ് പോളിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഊര്‍ജ്ജ മേഖലയെ തകര്‍ത്തുകൊണ്ടുള്ള റഷ്യന്‍ ആക്രമണത്തില്‍ കടുത്ത വെല്ലുവിളിയാണ് യുക്രൈന്‍ നേരിടുന്നത്. എല്ലാം അതിജീവിക്കുമെന്നാണ് യുക്രൈന്‍ പ്രസിഡന്‍റ് വ്ലോദിമില്‍ സെലന്‍സ്കി പറയുന്നത്.