റഷ്യൻ സംഗീതം നിരോധിക്കാൻ യുക്രൈൻ; യുക്രൈൻ പാർലമെന്റിൽ ബിൽ പാസായി

യുക്രൈൻ: മാധ്യമങ്ങളിലും പൊതു ഇടങ്ങളിലും റഷ്യൻ സംഗീതത്തിന് വിലക്കേർപ്പെടുത്തുമെന്ന് ഉക്രൈൻ. റഷ്യയിൽ നിന്നും ബെലാറസ്സിൽ നിന്നും പുസ്തകങ്ങൾ ഇറക്കുമതി ചെയ്യുന്നതും നിരോധിക്കും. 303 അംഗങ്ങളുടെ പിന്തുണയോടെ 450 പ്രതിനിധികൾ അടങ്ങുന്ന ഉക്രേനിയൻ പാർലമെന്റാണ് ബിൽ പാസാക്കിയത്.

ടെലിവിഷൻ, റേഡിയോ, സ്കൂളുകൾ, പൊതുഗതാഗതം, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സിനിമാശാലകൾ, മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ റഷ്യൻ സംഗീതം അനുവദിക്കില്ല. എന്നാൽ നിരോധനം മുഴുവൻ റഷ്യൻ സംഗീതത്തിനും ബാധകമല്ല. 1991 ന് ശേഷം നിർമ്മിച്ച ഗാനങ്ങൾക്ക് ഈ നിയമം ബാധകമാണ്. റഷ്യൻ അധിനിവേശത്തെ അപലപിച്ച കലാകാരൻമാർക്ക് നിരോധനത്തിൽ നിന്ന് ഇളവിനായി അപേക്ഷിക്കാം.

സമാന്തര ബില്ലിൽ, റഷ്യ, ബെലാറസ്, അധിനിവേശ ഉക്രേനിയൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പുസ്തകങ്ങളും മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന റഷ്യൻ ഭാഷാ വസ്തുക്കളും നിരോധിക്കും. കിഴക്കൻ, തെക്കൻ ഉക്രൈൻ പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ പലരും ചരിത്രപരമായി റഷ്യൻ ബന്ധങ്ങൾ സൂക്ഷിക്കുന്നവരാണ്.