റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്കെതിരായ വിമർശനങ്ങളിൽ മറുപടിയുമായി എസ്.ജയ്‌ശങ്കർ

ന്യൂഡൽഹി: യുക്രെയ്ൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരായ വിമർശനത്തിന് മറുപടിയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. എണ്ണ വില കുതിച്ചുയരുമ്പോൾ, എല്ലാ രാജ്യങ്ങളും മികച്ച ഇടപാടിനാണ് ശ്രമിക്കുകയെന്നും ഇന്ത്യയും അത് തന്നെയാണ് ചെയ്തതെന്നും ജയശങ്കർ പറഞ്ഞു. തായ്ലൻഡിലെ ബാങ്കോക്കിൽ ഇന്ത്യൻ സമൂഹവുമായുള്ള സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

“എണ്ണയുടെയും വാതകത്തിന്റെയും വില അകാരണമായി ഉയരുകയാണ്. റഷ്യയിൽനിന്ന് എണ്ണ വാങ്ങിയിരുന്ന യൂറോപ്യൻ രാജ്യങ്ങൾ അളവ് കുറച്ചതോടെ, വിതരണക്കാർ ഈ രാജ്യങ്ങളിലേക്കു ശ്രദ്ധ തിരിച്ചു. മിഡിൽ ഈസ്റ്റിൽനിന്നും മറ്റുമായി യൂറോപ്പ് കൂടുതലായി ഇവ വാങ്ങിക്കൊണ്ടിരിക്കുന്നു. ഈ അവസ്ഥയിൽ ആരാണ് എണ്ണയും വാതകവും ഇന്ത്യയ്ക്കു വിതരണം ചെയ്യുക? ഇതാണ് ഇന്നത്തെ സാഹചര്യം. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന, വിലക്കയറ്റം കുറയ്ക്കുന്ന മികച്ച ഇടപാട് സാധ്യമാക്കാനാണ് എല്ലാ രാജ്യവും സ്വാഭാവികമായി ഇത്തരം സന്ദർഭങ്ങളിൽ ശ്രമിക്കുക. തീർച്ചയായും ഇന്ത്യയും അതുതന്നെയാണു ചെയ്യുന്നത്. ഇതിന്റെ പേരിൽ രാജ്യം പ്രതിരോധത്തിലാകേണ്ട കാര്യമില്ല. രാജ്യത്തിന്റെ താൽപര്യങ്ങളെപ്പറ്റി ഇന്ത്യയ്ക്കു തുറന്നതും സത്യസന്ധവുമായ നിലപാടാണുള്ളത്. ഇന്ത്യൻ ജനതയ്ക്ക് ഊർജവിലക്കയറ്റം താങ്ങാനാകില്ല.” അദ്ദേഹം പറഞ്ഞു.