ശബരിമലയിലെ കാനന പാത തുറക്കല്‍: ഹൈക്കോടതിയെ സമീപിക്കാന്‍ ഹർജിക്കാരോട് സുപ്രീം കോടതി  

പത്തനംതിട്ട: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ട ശബരിമലയുടെ പരമ്പരാഗത പാത തുറക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാർക്ക് സുപ്രീം കോടതി അനുമതി നൽകി.

ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കോവിഡ്-19 ന്‍റെ വ്യാപനം തടയുന്നതിനായി ഭക്തർക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് 2020ൽ കേരള ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ഈ നിയന്ത്രണങ്ങളിൽ പലതും നീക്കിയിട്ടുണ്ടെങ്കിലും പരമ്പരാഗത പാതയിലൂടെയുള്ള തീർത്ഥാടനത്തിനുള്ള വിലക്ക് തുടരുകയാണ്. ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര ആചാര സംരക്ഷണ സമിതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

കോവിഡ്-19 ന്‍റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും രാജ്യത്തുടനീളം നീക്കിയതായി ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സുവിദത്ത് സുന്ദരം കോടതിയെ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയാണെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. തുടർന്നാണ് ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാർക്ക് സുപ്രീം കോടതി അനുമതി നൽകിയത്.