‘സബാഷ് മിത്തു’ ട്രെയിലർ പുറത്ത്

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിന്റെ ബയോപിക്കായ ‘സബാഷ് മിത്തു’വിന്റെ ട്രെയിലർ പുറത്തിറങ്ങി. തപ്സി പന്നു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ മിതാലി തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു. ചിത്രം ജൂലൈ 15ന് തീയേറ്ററുകളിലെത്തും. വയാകോം 18 സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീജിത് മുഖർജിയാണ്.

ഒരു വനിതാ ക്രിക്കറ്റ് താരം എന്ന നിലയിലുളള മിതാലിയുടെ ജീവിതത്തിന് പുറമെ, ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ പ്രതിസന്ധികളും ചിത്രം ഉയർത്തിക്കാട്ടുന്നു. 16-ാം വയസിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച മിതാലി രണ്ടര പതിറ്റാണ്ടിലേറെയായി വനിതാ ക്രിക്കറ്റിന്റെ തലപ്പത്തുണ്ട്.

തപ്സി പന്നുവിനൊപ്പം വിജയ് റാസും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പ്രിയ അവെൻ ആണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. സിർഷ റേ ക്യാമറ കൈകാര്യം ചെയ്യും. ശ്രീകർ പ്രസാദ് എഡിറ്റിംഗും അമിത് ത്രിവേദി സംഗീത വിഭാഗവും കൈകാര്യം ചെയ്യും. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്.