സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയായേക്കും

ന്യൂഡൽഹി: സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയായേക്കും. കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന അശോക് ഗെഹ്ലോട്ട് സ്ഥാനം ഒഴിയുന്നതിന്റെ പിന്നാലെയാണ് നിയമനം. മുതിർന്ന നേതാവ് സിപി ജോഷിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ടെങ്കിലും സച്ചിൻ പൈലറ്റിന് ഗാന്ധി കുടുംബത്തിന്‍റെ പിന്തുണയുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ കോൺഗ്രസ്സ് നിയമസഭാ കക്ഷി യോഗം ഇന്ന് വൈകിട്ട് 7 മണിക്ക് ചേരും. ജയ്പൂരിലെ ഗെഹ്ലോട്ടിന്‍റെ വസതിയിലാണ് യോഗം ചേരുക. നിരീക്ഷകനായി മല്ലികാർജുൻ ഖാർഗെയും സംസ്ഥാനത്തിന്‍റെ ചുമതലയുള്ള അജയ് മാക്കനും യോഗത്തിൽ പങ്കെടുക്കും.

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി യോഗം പ്രമേയം പാസാക്കിയേക്കും. ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടാകും.

കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള നടപടികൾ ഗെഹ്ലോട്ട് ആരംഭിച്ചിരുന്നു. ഹൈക്കമാൻഡിന്‍റെ നിർദ്ദേശപ്രകാരം മത്സരിക്കുന്ന അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് നാമനിർദ്ദേശ പത്രിക സമർപ്പിക്കണമെന്നാണ് സച്ചിൻ പൈലറ്റിന്‍റെ ക്യാമ്പ് ആവശ്യപ്പെടുന്നത്. കോൺഗ്രസ്സ് നിയമസഭാ കക്ഷി യോഗം ഇന്ന് വൈകിട്ട് 7 മണിക്ക് ചേരും.