സജി ചെറിയാൻ വിവാദം; ഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

തിരുവനന്തപുരം: മല്ലപ്പള്ളി പ്രസംഗത്തിൽ സജി ചെറിയാനു അനുകൂലമായ പൊലീസ് റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റി. ഇതിനൊപ്പം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തീരുമാനം ഉണ്ടാകുന്നതുവരെ കേസ് അവസാനിപ്പിക്കരുതെന്ന ആവശ്യവും പരിഗണിക്കും.

ഹൈക്കോടതിയിലെ അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജിയാണ് കോടതി മാറ്റി വച്ചത്. കൃത്യമായ സാക്ഷിമൊഴി രേഖപ്പെടുത്താതെയും ശാസ്ത്രീയമായ റിപ്പോർട്ടുകൾ ഉൾക്കൊള്ളിക്കാതെയുമാണ് പോലീസ് ദുർബലമായ റിപ്പോർട്ട് സമർപ്പിച്ചതെന്നാണ് ഹർജിക്കാരൻ വാദിച്ചത്. പ്രസംഗത്തിൽ ഭരണഘടനാവിരുദ്ധമായി ഒന്നുമില്ലെന്ന പൊലീസ് റിപ്പോർട്ട് ലഭിച്ചതോടെയാണ് സജി മന്ത്രിസഭയിലേക്ക് തിരിച്ചുവരാനുള്ള സാധ്യത വ്യക്തമായത്.

പ്രതിപക്ഷ പ്രതിഷേധങ്ങൾ നിൽക്കെ അദ്ദേഹം ഇന്ന് അധികാരമേൽക്കും.  വൈകിട്ട് നാലിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ശക്തമായ വിയോജിപ്പോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങിന് ഗവർണർ അനുമതി നൽകിയത്. കേസിൽ കോടതി അന്തിമ വിധി പറയാത്തതിനാൽ ഇക്കാര്യത്തിൽ തുടർനടപടികൾക്കെല്ലാം സർക്കാർ ഉത്തരവാദിയായിരിക്കുമെന്ന് ഗവർണർ മുഖ്യമന്ത്രിയെ ഓർമപ്പെടുത്തി.