നിയമസഭാംഗത്വം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയ വിധിയിൽ സന്തോഷമെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: നിയമസഭാംഗത്വം റദ്ദാക്കണമെന്ന ഹർജി തള്ളിയ ഹൈക്കോടതി വിധിയിൽ സംതൃപ്തി പ്രകടിപ്പിച്ച് മുൻ മന്ത്രി സജി ചെറിയാൻ. വിധിയിൽ താൻ സന്തുഷ്ടനാണെന്നും തന്‍റെ ഊഴവും ഭാവിയും പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിലൂടെ ഭരണഘടനയെ അവഹേളിച്ചെന്നാരോപിച്ച് സജി ചെറിയാന്‍റെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്.

സജി ചെറിയാൻ ഉടൻ തന്നെ സംസ്ഥാന മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയേക്കും. ഭരണഘടനയെ അവഹേളിക്കുന്ന തരത്തിൽ ബോധപൂർവ്വം പ്രസംഗം നടത്തിയിട്ടില്ലെന്ന് കാണിച്ച് പൊലീസ് കേസ് അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സജിയുടെ തിരിച്ചുവരവ് സി.പി.എം പരിഗണിക്കുന്നത്. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് സജിക്ക് പച്ചക്കൊടി കാണിക്കുമോ എന്ന് വ്യക്തമല്ല.

തീരുമാനം നീട്ടിവച്ചേക്കില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. കേസ് രജിസ്റ്റർ ചെയ്തതുകൊണ്ടല്ല, ധാർമ്മികതയുടെ പേരിലാണ് രാജിയെന്ന് സജിയുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന സി.പി.എം ലോക്കൽ കോൺഫറൻസിൽ ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗം നടത്തിയെന്ന പാർട്ടിയുടെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജൂലൈ ആറിന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.