തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്ര വികസന പ്രവർത്തനം പങ്കുവെച്ച് സജി ചെറിയാൻ

തൃപ്പുലിയൂർ: എം.എൽ.എ ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ വിനിയോഗിച്ച് നവീകരണപ്രവർത്തനം പൂർത്തീകരിച്ച തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിന്‍റെ ചിത്രം മുൻ മന്ത്രി സജി ചെറിയാൻ ഫേസ്ബുക്കിൽ പങ്കുവച്ചു. നവീകരിച്ച ക്ഷേത്രക്കുളത്തിന്‍റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് സജി ചെറിയാൻ എം.എൽ.എ നിർവഹിക്കും. മല്ലപ്പള്ളിയിൽ നടത്തിയ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്‍റെ പേരിൽ വിവാദത്തിലായതിനെ തുടർന്ന് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് അദ്ദേഹം.

ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട ദേവാലയങ്ങളിൽ തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം. പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽ പ്രാധാന്യമുള്ള ഈ ക്ഷേത്രം 108 വൈഷ്ണവ തിരുപ്പതികളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിന്‍റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഭസ്മതീർഥക്കുളം ജീർണാവസ്ഥയിലായിരുന്നു. ഈ പ്രദേശത്തെ ഭൂഗർഭജലത്തിന്‍റെ ലഭ്യത നിലനിർത്തുന്നതിൽ ഈ കുളത്തിന് വലിയ പങ്കുണ്ട്. ഭസ്മതീർഥക്കുളം പുതുക്കിപ്പണിയണമെന്ന നാട്ടുകാരുടെയും ഭക്തരുടെയും ദീർഘകാലമായുള്ള ആവശ്യം കണക്കിലെടുത്ത് 2018-19 വർഷത്തെ എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. നവീകരിച്ച ക്ഷേത്രക്കുളത്തിന്‍റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5 മണിക്ക് അദ്ദേഹം നിർവഹിക്കും.