സജി ചെറിയാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും; അനുമതി നൽകി ഗവർണർ
തിരുവനന്തപുരം: സജി ചെറിയാൻ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് 4 മണിക്ക് രാജ്‌ഭവനിലാണ് സത്യപ്രതിജ്ഞ നടക്കുക. സത്യപ്രതിജ്ഞയ്‌ക്ക് ഗവർണർ അനുമതി നൽകി. ഗവർണർ സത്യപ്രതിജ്ഞ വൈകിക്കുന്നതിനെതിരെ പലകോണുകളിൽനിന്നും വിമർശനം ഉയർന്നിരുന്നു.
മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിക്കുകയായിരുന്നു. സജി ചെറിയാൻ വിഷയത്തിൽ വിശദാംശങ്ങൾ ചോദിച്ച ശേഷം മാത്രം സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയാൽ മതിയെന്ന് മുൻപ് ഗവർണർക്ക് നിയമോപദേശം ലഭിച്ചിരുന്നു.
ഭരണഘടനയുടെ അന്തസ്സിനെ അപമാനിച്ചുവെന്നാണ് സജി ചെറിയാനെതിരെയുള്ള കേസ്. ഇതൊരു സാധാരണ കേസല്ല. മുഖ്യമന്ത്രിക്ക് പോലും അത് അംഗീകരിക്കാൻ കഴിയാത്തത് കൊണ്ടല്ലേ രാജിവയ്ക്കേണ്ടി വന്നതെന്നും നിയമോപദേശം തേടുന്നത് സ്വാഭാവികമാണെന്നും ഗവർണർ പറഞ്ഞിരുന്നു.