സജി ചെറിയാന്റെ സത്യപ്രതിജ്ഞ; തിടുക്കം വേണ്ടെന്ന് സിപിഎം, ഗവർണറെ പ്രകോപിപ്പിക്കേണ്ടെന്ന് തീരുമാനം
തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയിൽ തിരിച്ചെടുക്കുന്നതിൽ തിടുക്കം വേണ്ടെന്ന് സി.പി.എം. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിക്കേണ്ടെന്നാണ് സിപിഎം തീരുമാനം. ഗവർണറുടെ നിലപാട് അറിഞ്ഞ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നാണ് അറിയുന്നത്.
ബുധനാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്യണമെന്ന് നിർബന്ധമില്ലെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. ഗവർണറുടെ തുടർച്ചയായ നിഷേധാത്മക നിലപാടിൽ സി.പി.എമ്മിന് അതൃപ്തിയുണ്ട്. തൽക്കാലം പ്രകോപനപരമായ പ്രതികരണം പാടില്ലെന്നാണ് നേതൃത്വത്തിന്‍റെ നിർദ്ദേശം. സജി ചെറിയാനെ മന്ത്രിസഭയിൽ തിരിച്ചെടുക്കാനുള്ള ശുപാർശയിൽ ഗവർണർ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടിയേക്കും.
ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിന് കോടതിയിലുള്ള കേസില്‍ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയിട്ടുണ്ടോ എന്നാകും ഗവർണർ പ്രധാനമായും സർക്കാരിനോട് ചോദിക്കുക. കോടതി കുറ്റവിമുക്തനാക്കിയതായി ബോധ്യപ്പെടാതെ സത്യപ്രതിജ്ഞ ചെയ്യരുതെന്നും കേസിന്‍റെ വിശദാംശങ്ങൾ തേടണമെന്നുമാണ് ഗവർണർക്ക് നൽകിയ നിയമോപദേശം. സജി ചെറിയാനെതിരായ കേസ് സാധാരണ കേസല്ലെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു.