ശമ്പളം ഒരുകോടിയിലേറെ; ചെയ്യാന്‍ ഒന്നുമില്ലെന്നാരോപിച്ച് ഉദ്യോഗസ്ഥന്‍ കോടതിയില്‍

ഡബ്ലിന്‍: പ്രതിവർഷം ഒരുകോടി അഞ്ചുലക്ഷത്തിലധികം സമ്പാദിക്കുന്ന ഐറിഷ് റെയിലിന്‍റെ ഫിനാൻസ് മാനേജരാണ് ഡെർമറ്റ് അലിസ്റ്റർ മിൽസ്. ഈ വർഷം ഡിസംബർ 1ന് മിൽസ് വളരെ വിചിത്രമായ ഒരു കാരണത്താൽ കോടതിയെ സമീപിച്ചു. മിൽസിന്‍റെ പ്രശ്നം അദ്ദേഹത്തിന്‍റെ ജോലി സമയത്തിന്‍റെ ഭൂരിഭാഗവും പത്ര വായനയും നടത്തവുമായി തീരുകയാണ് എന്നതാണ്. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല.

ഐറിഷ് റെയിലിനുള്ളിലെ ക്രമക്കേടുകൾ വെളിപ്പെടുത്തിയതിന് ഒൻപത് വർഷം മുമ്പ് സംരക്ഷിത വെളിപ്പെടുത്തല്‍ ചട്ടത്തിന്‍റെ കീഴില്‍ തന്നെ ശിക്ഷിച്ചിട്ടുണ്ടെന്നും അതിനാലാണ് തനിക്ക് ജോലി നിഷേധിച്ചതെന്നും മിൽസ് പറഞ്ഞു. ഓഫീസിൽ ഒരു ഉത്തരവാദിത്തവും തന്നെ ഏൽപ്പിക്കുന്നില്ലെന്നും ജോലിസ്ഥലത്ത് “വളരെ ഒറ്റപ്പെട്ടതായി” തോന്നുന്നുവെന്നും മിൽസ് പരാതിയിൽ പറയുന്നു.

എന്നാൽ, വെളിപ്പെടുത്തൽ അറിയിക്കാതിരുന്നിട്ടും, മിൽസിനെ ശിക്ഷിച്ചിട്ടില്ലെന്ന് കമ്പനി അറിയിച്ചു. 2018 ൽ നടത്തിയ റിക്രൂട്ട്മെന്‍റിൽ, ഉയർന്ന തസ്തികയിലേക്ക് തിരഞ്ഞെടുക്കാൻ അദ്ദേഹത്തിന് യോഗ്യത ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ജോലി കുറയുന്നതെന്നാണ് ഐറിഷ് റെയിൽ അവകാശപ്പെടുന്നത്.