പ്ലാന്റേഷൻ കോർപ്പറേഷൻ ജീവനക്കാർക്ക് ശമ്പള പരിഷ്കരണം; സർക്കാർ അനുമതി

തിരുവനന്തപുരം: പ്ലാന്‍റേഷൻ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിലെ ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടത്താൻ അനുമതി നൽകിയതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. 20.01.2016 ലെ ഉത്തരവ് നമ്പർ 07/2016/ഫിൻ നമ്പർ 2016 പ്രകാരം 01.04.2016 മുതൽ പ്രാബല്യത്തിൽ വരുന്ന വ്യവസ്ഥയോടെയാണ് പത്താം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങൾ അനുവദിച്ചിരിക്കുന്നത്. 10 വർഷത്തിന് ശേഷമാണ് സ്ഥാപനത്തിൽ ശമ്പള പരിഷ്കരണം നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പൊതുമേഖലാ സ്ഥാപനമായ പ്ലാന്‍റേഷൻ കോർപ്പറേഷൻ മുൻകാലങ്ങളിൽ നഷ്ടത്തിലാണ് പ്രവർത്തിച്ചിരുന്നതെങ്കിലും ഇപ്പോൾ വൈവിധ്യവൽക്കരണത്തിലൂടെയും മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമ്മാണത്തിലൂടെയും കോർപ്പറേഷനെ ലാഭകരമാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനാലും മറ്റ് കോർപ്പറേഷനുകളിലെയും സർക്കാരിലെയും വിവിധ വിഭാഗം തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പളത്തിൽ കാലാനുസൃതമായ പരിഷ്കാരങ്ങൾ വരുത്തിയതിനാലുമാണ് സർക്കാർ ഇത് പരിഗണിച്ചത്.