16-കാരിയുടെ അണ്ഡം വില്‍പന; തമിഴ്‌നാട്ടില്‍ നാല് ആശുപത്രികള്‍ അടച്ചുപൂട്ടി

ചെന്നൈ: 16 വയസുകാരിയുടെ അണ്ഡം വിറ്റുവെന്നാരോപിച്ച് തമിഴ്നാട്ടിലെ നാല് ആശുപത്രികൾ അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. പെൺകുട്ടിയുടെ അമ്മ വിവിധ ആശുപത്രികളിൽ പോയി എട്ട് തവണ അണ്ഡം വിൽക്കാൻ നിർബന്ധിച്ച സംഭവത്തിലാണ് നടപടി.

“21-നും 35-നും ഇടയിൽ പ്രായമുള്ള പ്രായപൂർത്തിയായ വിവാഹിതരായ സ്ത്രീകൾക്ക് മാത്രമേ അണ്ഡം ദാനം ചെയ്യാൻ അനുവാദമുള്ളൂ, അതും ഒരു തവണ മാത്രം. ഈ സാഹചര്യത്തിൽ, 16 കാരിയായ പെൺകുട്ടി നിരവധി തവണ അണ്ഡം വിൽക്കാൻ നിർബന്ധിതയായി,” തമിഴ്നാട് ആരോഗ്യമന്ത്രി എംഎ സുബ്രഹ്മണ്യൻ പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം നടത്തിയ സമിതി നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രായപൂർത്തിയായതായി തോന്നിപ്പിക്കാൻ വ്യാജ ആധാർ കാർഡ് സൃഷ്ടിച്ചു. ഭർത്താവിന്‍റെ പേരിൽ ഒരു സമ്മത പത്രവും അവർ വ്യാജമായി ഉണ്ടാക്കി.