കോഴിക്കോട് കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് വിൽപന

കോഴിക്കോട് ബീച്ചിലുള്ള ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളിൽ എൻഫോഴ്സ്മെന്‍റ് നാർക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കഞ്ചാവിന്‍റെ വിത്തുകൾ എണ്ണയുടെ രൂപത്തിലാക്കി മിൽക്ക് ഷേക്കിൽ കലർത്തിയതായി കണ്ടെത്തി. ജ്യൂസ് സ്റ്റാളിൽ നിന്ന് 200 മില്ലി ലിറ്റർ ദ്രാവക ഹെംപ് സീഡ് ഓയിലും മരിജുവാന കെർണലും പിടികൂടി. നാർക്കോട്ടിക് ഡ്രഗ്സ് ആക്ട് പ്രകാരം സ്ഥാപനത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സീഡ് ഓയിൽ രാസപരിശോധനയ്ക്കായി കോഴിക്കോട് റീജിയണൽ കെമിക്കൽ ലാബിൽ പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം ലഭിച്ചാലുടൻ തുടർനടപടികൾ സ്വീകരിക്കുമെന്ന് അസിസ്റ്റന്‍റ് എക്സൈസ് കമ്മിഷണർ എൻ. സുഗുണൻ അറിയിച്ചു. ഡൽഹിയിൽ നിന്നാണ് ഇത്തരത്തിലുള്ള കഞ്ചാവ് എത്തുന്നത്. ഇത്തരം കൂടുതൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് എക്സൈസ് സംശയിക്കുന്നു. കൂടുതൽ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിലേക്ക് വരുന്നുണ്ടോ എന്നും എക്സൈസ് സംഘം നിരീക്ഷിക്കുന്നുണ്ട്. രാസപരിശോധനാ ഫലത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കും.