സംസ്ഥാനത്ത് വൈനിന്‍റെ വിൽപ്പന നികുതി കുറച്ചു; 112ൽ നിന്ന് 86 ശതമാനമാക്കി

തിരുവനന്തപുരം: ബെവ്കോ വൈനിന്‍റെ വിൽപ്പന നികുതി കുറച്ചു. 112 ശതമാനത്തിൽ നിന്ന് 86 ശതമാനമായാണ് കുറച്ചത്. കുറഞ്ഞ വീര്യമുള്ള മദ്യം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നികുതി കുറച്ചതെന്ന് ബെവ്കോ അറിയിച്ചു.

ഈ വർഷം ക്രിസ്മസ് ദിനത്തിൽ മദ്യവിൽപ്പനയിൽ നേരിയ കുറവുണ്ടായി. ക്രിസ്മസ് ദിനത്തിൽ ബെവ്കോ ഔട്ട്ലെറ്റുകൾ വഴി 52.3 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ ദിവസം 54.82 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. 24ന് 89.52 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം 90.03 കോടി രൂപയുടെ മദ്യമാണ് ക്രിസ്മസ് തലേന്ന് വിറ്റഴിച്ചത്.

അതേസമയം 22, 23, 24 ദിവസങ്ങളിലെ മൊത്തത്തിൽ നോക്കിയാൽ ഈ വർഷം മദ്യവിൽപ്പന വർധിച്ചിട്ടുണ്ട്. 229.80 കോടി രൂപയുടെ മദ്യമാണ് ഈ ദിവസങ്ങളിൽ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 215.49 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. മദ്യത്തിന്‍റെ വില 2 ശതമാനം കൂടിയ ശേഷമുള്ള ആദ്യ ഉത്സവ സീസണായിരുന്നു ഇത്. റം ആണ് ഏറ്റവും കൂടുതൽ വിറ്റുപോയത്.