രാഹുല്‍ ഗാന്ധിയെ ശ്രീരാമനുമായി താരതമ്യപ്പെടുത്തി സല്‍മാന്‍ ഖുര്‍ഷിദ്; വിമര്‍ശനവുമായി ബിജെപി

മൊറാദാബാദ്: രാഹുൽ ഗാന്ധിയെ ശ്രീരാമനുമായും കോൺഗ്രസിനെ ഭാരതത്തോടും ഭാരത് ജോഡോ യാത്രയെ രാമായണത്തോടും ഉപമിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. ഉത്തർ പ്രദേശിലെ മൊറാദാബാദിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി അമാനുഷികനാണെന്നും ഖുർഷിദ് പറഞ്ഞു. ശൈത്യകാലത്ത്, നാമെല്ലാവരും ഒരു തണുത്ത ജാക്കറ്റിൽ ഇരിക്കുമ്പോൾ, അദ്ദേഹം ഒരു ടി-ഷർട്ട് ധരിച്ച് ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടക്കുന്നു. ഒരു യോഗിയെ പോലെ അദ്ദേഹം ലക്ഷ്യബോധത്തോടെ തൻ്റെ തപസ്യ അനുഷ്ഠിക്കുകയാണെന്നും ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു.

ഭാരത് ജോഡോ യാത്രയ്ക്കിടെ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം രാഹുൽ ഗാന്ധിക്ക് എഴുതിയ കത്തും ഖുർഷിദ് പരാമർശിച്ചു. കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കാൻ കോൺഗ്രസിനോട് മാത്രം ആവശ്യപ്പെടാനാവില്ല. രാജ്യത്തിനാകെ ബാധകമായ ശാസ്ത്രീയ നിർദ്ദേശങ്ങൾ നൽകിയാൽ കോൺഗ്രസ് അത് പിന്തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാഹുൽ ഗാന്ധിയെ ശ്രീരാമനുമായി താരതമ്യം ചെയ്തതിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. ഈ താരതമ്യം ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ ബി.ജെ.പി, മറ്റേതെങ്കിലും മതത്തിലെ ദൈവങ്ങളുമായി മറ്റാരെയെങ്കിലും താരതമ്യം ചെയ്യാൻ ഖുർഷിദിനു ധൈര്യമുണ്ടോയെന്നും ദേശീയ വക്താവ് ജയ് ഹിന്ദ് ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഷെഹ്സാദിന്‍റെ പ്രതികരണം.