സൽമാൻ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും കൈയുടെ ചലനശേഷിയും നഷ്ടമായി

ന്യൂയോർക്ക്: അമേരിക്കയിൽ നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈയിലെ ചലനശേഷിയും പൂർണമായും നഷ്ടപ്പെട്ടു.

സൽമാൻ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. കൈകളുടെ ഞരമ്പുകൾ മുറിഞ്ഞതിനാൽ ഒരു കൈയുടെ ചലനശേഷിയും നഷ്ടപ്പെട്ടു. കഴുത്തിലും നെഞ്ചിലും മറ്റു ശരീരഭാഗങ്ങളിലുമായി 15ലേറെ കുത്തേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്ന് റുഷ്ദിയുടെ ഏജന്റ് ആൻഡ്ര്യൂ വൈലി പറഞ്ഞു

ഓഗസ്റ്റിൽ പടിഞ്ഞാറൻ ന്യൂയോർക്കിലെ ഷൗതൗക്വ വിദ്യാഭ്യാസ സ്ഥാപനത്തിൽ വച്ചാണ് സൽമാൻ റുഷ്ദിക്ക് കുത്തേറ്റത്. 24 കാരനായ ഹാദി മാതർ എന്നയാളാണ് കത്തിയുമായി സ്റ്റേജിലേക്ക് ഓടിക്കയറി റുഷ്ദിയെ ആക്രമിച്ചത്. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ഹെലികോപ്റ്ററിലാണ് റുഷ്ദിയെ പെൻസിൽവാനിയയിലെ ആശുപത്രിയിലെത്തിച്ചത്. അക്രമിയെ സംഭവസ്ഥലത്ത് വെച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്തു.