ഗുരുവിന് പ്രണാമം ; ഇന്ന് ദേശീയ അധ്യാപകദിനം

ഇന്ന് അധ്യാപക ദിനം. അധ്യാപകനും തത്ത്വചിന്തകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്‍റെ ജന്മവാർഷിക ദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്.

അതിജീവനത്തിന്റെ നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളിലേക്കും കോളേജിലേക്കും തിരിച്ചെത്തിയതിന്‍റെ ആവേശത്തിലാണ് വിദ്യാർത്ഥികളും അധ്യാപകരും. അഞ്ച് വയസിനും 17 വയസിനും ഇടയിൽ പ്രായമുള്ള ഒരു വിദ്യാർത്ഥി ഏകദേശം 25,000 മണിക്കൂർ കലാലയത്തിൽ ചെലവഴിക്കുന്നു എന്നാണ് കണക്ക്. ഭാവി ജീവിതം എന്താകുമെന്ന് തീരുമാനിക്കപ്പെടുന്ന കാലമാണിത്.

വിദ്യാർത്ഥിയിലെ ജ്വലിക്കുന്ന വ്യക്തിയെ ഊതിക്കാച്ചിയെടുക്കുന്ന വ്യക്തിയാണ് അധ്യാപകൻ. അവരെ ആകാശത്തോളവും അതിനപ്പുറത്തെയും സ്വപ്നം കാണുന്നവരാക്കി തീർക്കുന്നവർ. ഡോ. എസ് രാധാകൃഷ്ണന്‍റെ ജീവിതം എക്കാലവും അധ്യാപകർക്ക് ഒരു വഴികാട്ടിയാണ്. അധ്യാപനം വെറുമൊരു തൊഴിലല്ല. അത് ഒരു സമർപ്പണമാണ്. സമൂഹത്തിന്റെ നിലവാരം അധ്യാപകന്റെ നിലവാരത്തെക്കാൾ ഉയരില്ലെന്ന് പറയുന്നതും അതുകൊണ്ടു തന്നെ.